ടാറിംഗ് പൂർത്തിയാക്കിയില്ല; പാതിരിപ്പള്ളി റോഡ് തകർന്നു തന്നെ!
1467266
Thursday, November 7, 2024 6:59 AM IST
പേരൂർക്കട: ടാറിംഗ് സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ പാതിരിപ്പള്ളി-മഠത്തുനട റോഡ് തകർന്ന നിലയിൽ. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന് അടുത്തകാലത്തൊന്നും മോചനമുണ്ടാകുമെന്ന പ്രതീക്ഷയില്ലാതെ നാട്ടുകാർ.
അഞ്ചുവർഷമായി പൂർണമായും തകർന്നു കിടന്ന കുടപ്പനക്കുന്ന്-പാതിരിപ്പള്ളി റോഡ് അടുത്തിടെയാണ് റീടാർ ചെയ്തത്. ഒന്നര കിലോമീറ്റർ വരുന്ന റോഡിന് ഏകദേശം 40 ലക്ഷത്തോളം രൂപ ഫണ്ട് വേണ്ടിവന്നു. രണ്ടാംഘട്ടമായി പാതിരിപ്പള്ളി-മഠത്തുനട റോഡ് ടാർ ചെയ്യാനിരുന്നതാണ്. ഏകദേശം 300 മീറ്റർ വരുന്നതാണ് റോഡ്.
ഈ പണികൂടി സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നുവെങ്കിൽ എംസി റോഡിലേക്കു പോകുന്ന വാഹനങ്ങൾക്കു വളരെ വേഗത്തിൽ സഞ്ചരിക്കാമായിരുന്നു, ഗതാഗതക്കുരുക്കും ഒഴിവാക്കാൻ സാധിക്കുമായിരുന്നു. കുടപ്പനക്കുന്ന്-പാതിരിപ്പള്ളി റോഡിനേക്കാൾ കൂടുതൽ വർഷമായി തകർന്നു കിടക്കുന്നതാണ് പാതിരിപ്പള്ളി -മഠത്തുനട റോഡ്. ടാറിംഗിനാവശ്യമായ മിക്സർ യൂണിറ്റും മറ്റും ഇവിടെ സ്ഥാപിച്ചുവെങ്കിലും പണി നടന്നില്ല.
ടാർ ചെയ്യുന്നതിനാവശ്യമായ മെറ്റലുകൾ റോഡിന്റെ വശത്ത് ഇറക്കിയിട്ടുണ്ടെങ്കിലും അവിടവിടെ റോഡിലേക്കു ചിതറി കിടക്കുകയാണ്. ശക്തമായി നിൽക്കുന്ന മഴയും കരാറുകാരനുമായി ബന്ധപ്പെട്ട വിഷയവുമാണ് പണി തടസപ്പെടാൻ കാരണമെന്നാണു സൂചന. എന്നാൽ ഈ മാസം പകുതിയോടെയെങ്കിലും ടാറിംഗ് പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ അധികൃതർക്കും നാട്ടുകാർക്കും ഇല്ല. മിക്സർ യൂണിറ്റ് റോഡിന്റെ ഒരുവശത്ത് വിശ്രമിക്കുന്നു.
ടാറിംഗിന്റെ തുടക്കം എന്ന നിലയിൽ മെറ്റലുകൾ റോഡിലെ കുഴികളിൽ അടുക്കിയിരുന്നത് ചിതറിക്കിടക്കുന്നു. 250 മീറ്ററും കീഴ്ക്കാംതൂക്കായി കിടക്കുന്നതിനാൽ ടാറിംഗ് ശക്തമായ നിലയിൽ നടത്തിയാൽ മാത്രമേ റോഡിന് ആയുസുണ്ടാകുകയുള്ളൂ. വളരെ വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് 300 മീറ്ററോളം റോഡ് പൂർണമായി റീടാർ ചെയ്യണമെന്നത്.
റോഡിന്റെ ഒരുവശത്ത് പൂർണമായും ഓട സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും 100 മീറ്ററോളം ഭാഗത്ത് ഇപ്പോഴും ഓട സ്ഥാപിക്കപ്പെട്ടിട്ടില്ല. മഴ തുടർച്ചയായി നിൽക്കുന്നതിനാൽ റോഡ് വീണ്ടും തകർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡ് എത്രയുംവേഗം പൂർണമായി റീടാർ ചെയ്യണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.