വിഴിഞ്ഞം തീയറ്റർ ജംഗ്ഷനിൽ കടയ്ക്ക് തീപിടിച്ചു
1423792
Monday, May 20, 2024 6:34 AM IST
വിഴിഞ്ഞം : വിഴിഞ്ഞം തീയറ്റർ ജംഗ്ഷനിൽ പെയ്ന്റി കടയ്ക്ക് തീ പിടിച്ച് വൻ നാശനഷ്ടം. അമ്പലത്തറ സ്വദേശിനി അർച്ചനയുടെ ഉടമസ്ഥതയിലുള്ള ന്യൂ കളർ പെയിന്റ് കടയിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്നലെ വൈകിട്ട് 3.45 ഓടെയായിരന്നു സംഭവം.
ഞായറാഴ്ച അവധി ആയതിനാൽ അടഞ്ഞ് കിടന്ന കടയ്ക്കുള്ളിൽ നിന്ന് വൻ പൊട്ടിത്തെറി ശബ്ദം കേൾക്കുകയും കടയുടെ ഷട്ടർ തകർന്ന് പുക പുറത്തേക്ക് വരുകയും ചെയ്തത് കണ്ട സമീപവാസികളാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്.
വിഴിഞ്ഞം സ്റ്റേഷൻ ഓഫീസർ ടി.കെ.അജയ് , ഗ്രേഡ് എഎസ്ടിഒ അലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ സ്ഥലത്തെത്തിയ വിഴിഞ്ഞം അഗ്നിശമന സേന യൂണിറ്റുകൾ ഏറെ ശ്രമപ്പെട്ട് തീയണച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.
കടയുടെ മുകളിൽ ആൾതാമസം ഉണ്ടായിരുന്നെങ്കിലും തീ പടരാതെ നോക്കാനായതിനാൽ താമസക്കാർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. പെയിന്റ് കടയ്ക്ക് തീപിടിച്ചതറിഞ്ഞ്, ചാക്ക, ചെങ്കൽ ചൂള, പൂവാർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ കേടായ കടയിലെ ഇൻവെർട്ടറിൽ നിന്നാവാം തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പിടുത്തത്തിൽ കടയുടെ റൂഫ് പൂർണമായും കത്തിനശിച്ചു. ഒരു വശത്തെ ഷട്ടറുകൾ പൊളിച്ച് അകത്തെ ഗ്ലാസ് തകർത്താണ് ഫയർ ഫോഴ്സ് യൂണിറ്റ് കടയ്ക്കുള്ളിൽ കടന്നത്.
പെയിന്റ് ടിന്നുകൾ, പെയിന്റ് മിക്സിംഗ് സിസ്റ്റം, കമ്പ്യൂട്ടറുകൾ തുടങ്ങിയവയും കത്തിനശിച്ചു. എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.