ചോർന്നൊലിച്ച് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി ഫാര്‍മസി
1340062
Wednesday, October 4, 2023 4:50 AM IST
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഫാര്‍മസിയോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ഷീറ്റുമേഞ്ഞ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു.
മഴക്കാലങ്ങളില്‍ മരുന്നു വാങ്ങാനെത്തുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൈയ്യില്‍ കുട കരുതാതെ ഫാര്‍മസിയില്‍ നിന്നും മരുന്ന് വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഫാര്‍മസി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നാളിതുവരെ യാതൊരുവിധ പരിഹാരവും ഉണ്ടാകുന്നില്ലെന്നാണാക്ഷേപം. കഴിഞ്ഞ ഒരാഴ്ചയായി തോരാതെ പെയ്യുന്ന മഴയില്‍ മരുന്നു വാങ്ങാനെത്തുന്ന രോഗികളും ബന്ധുക്കളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പറയുന്നു.
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് വലുപ്പത്തിലുള്ള വിള്ളലുകള്‍ ഉണ്ടായതിനെ തുടർന്ന് മേൽകൂരയ്ക്കു കീഴിൽ മഴ സമയങ്ങളില്‍ കുടപിടിക്കാതെ മരുന്നു വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.
മെഡിക്കല്‍ കോളജിലെ മിക്ക ഫാര്‍മസികളിലും ലഭിക്കാത്ത മരുന്നിന്റെ 85 ശതമാനം മരുന്നുകളും അത്യാവശ്യ സര്‍ജറി ഉപകരണങ്ങളും കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ ലഭിക്കുന്നതിനാല്‍ ഏറെക്കുറെ രോഗികളും ആശ്രയിക്കുന്നത് കമ്മ്യൂണിറ്റി ഫാര്മസിയെതന്നെയാണ്.
കമ്മ്യൂണിറ്റി ഫാര്മസിയോഡ് ചേര്‍ന്നാണ് അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലാബോര്‍ട്ടറി പ്രവര്‍ത്തിക്കുന്നത്. എച്ച്ഡിഎസ് ലാബില്‍ എത്തുന്നവര്‍ക്കും കമ്മ്യൂണിറ്റി ലാബ് ഏറെ ഗുണം ചെയ്യുന്നു.
മഴ സമയങ്ങളില്‍ മേല്‍ക്കൂരയില്‍ നിന്നും ശക്തമായി ചോര്‍ന്നു വീഴുന്ന വെള്ളം ഫാര്മസിക്കുള്ളിലുമെത്തുന്നുണ്ട്. ഇതിനാല്‍ ഫാര്‍മസിയില്‍ സൂക്ഷിക്കുന്ന മരുന്നിന് കേടുപാടുകള്‍ സംഭവിക്കാവുന്ന സാഹചര്യം നിലവിലുണ്ട്.
എന്നാല്‍ അടുത്തിടെ ആരോഗ്യ മന്തി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഫാര്‍മസിയോട് ചേര്‍ന്നുള്ള ഭാഗത്തെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെടാതെ ഡെക്കറേറ്റ് ചെയ്ത് മറച്ചിരുന്നതായും രോഗികള്‍ പറയുന്നു.
എത്രയും വേഗം ഫാര്‍മസിയോട് ചേര്‍ന്നുള്ള ഭാഗം പുതുതായി ഷീറ്റ് മേഞ്ഞ് മഴക്കാലത്തു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്ക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നതാണ് നാട്ടുകാരുടേയും ആവശ്യം