പാലക്കാട്: ക്രിസ്തീയസമൂഹത്തിന്റെ മാത്രമല്ല എല്ലാ കർഷകരുടെയും അതിജീവനമാണു കത്തോലിക്ക കോൺഗ്രസിന്റെ ലക്ഷ്യമെന്നു പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കർഷക അവഗണന തുടരുന്ന അധികാരിവർഗത്തിനെതിരേ പ്രതിഷേധിക്കാനുള്ള അവസരം പാഴാക്കരുതെന്നും ബിഷപ് പറഞ്ഞു.
കർഷകസംരക്ഷണം ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ കത്തോലിക്ക കോൺഗ്രസ് നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. പുഴുവിന്റെ വിലപോലും കർഷകർക്കു ഭരണാധികാരികൾ നൽകുന്നില്ല. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ഗുരുതര പരിക്കുപറ്റിയവർക്കും ഒരാശ്വാസവും സർക്കാർ നൽകന്നില്ല. പരിസ്ഥിതിലോല പ്രദേശനിർണയം കർഷകർക്കും താമസക്കാർക്കും വിനയാണ്.
ഒരു വിളയ്ക്കും അധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. കർഷകരോടുള്ള ഒരുതരത്തിലുള്ള അനീതിയും അംഗീകരിക്കാനാവില്ലെന്നും ബിഷപ് പറഞ്ഞു.
കാർഷികവിളകളുടെ വിലയിടിവിൽ പ്രതിഷേധിച്ചും വഖഫ് അധിനിവേശത്താൽ കുടിയിറക്കുഭീഷണി നേരിടുന്ന മുനമ്പംജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുമാണ് കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപതാസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റ്യൻ അധ്യക്ഷനായി.
ഫാ. സജി വട്ടുകളത്തിൽ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, വൈസ് പ്രസിഡന്റ് കെ.എഫ്. ആന്റണി, ജോസ് മുക്കട, ജോസ് വടക്കേക്കര, ദീപ ബൈജു, സേവ്യർ കലങ്ങോട്ടിൽ, ബെന്നി ചിറ്റേട്ട്, ബെന്നി മറ്റപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.
റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുക, കാർഷികവിളകൾക്കു ന്യായവില ഉറപ്പാക്കുക, പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്നും കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കുക, ക്രൈസ്തവ ജനതയോടുള്ള രാഷ്ട്രീയപാർട്ടികളുടെയും ജനപ്രതിനിധികളുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, നെല്ലിന്റെ സംഭരണം ഉടൻ പൂർത്തിയാക്കി വില നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച പ്രതിഷേധത്തിൽര ൂപതയിലെ 11 ഫൊറോനകളിൽ നിന്നുള്ളവർ പങ്കെടുത്തു.