പാലക്കാട്: കമ്യൂണിസം അധഃപതനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്തു ബിജെപിക്ക് വഴിയൊരുക്കുന്ന സംവിധാനമായി സിപിഎം മാറിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർഥം കോട്ടമൈതാനത്തു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർഭരണത്തിന്റെ അഹന്ത സിപിഎമ്മിനെ ജനമനസുകളിൽനിന്നും അകറ്റി. ഒരുസർക്കാർ എന്ത് ആകരുതെന്നതിന്റെ ഉദാഹരണമാണു പിണറായിസർക്കാർ. ജനങ്ങളെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടവും ഉണ്ടായിട്ടില്ല.
നാടിന്റെ ഐക്യത്തെയും സംഘപരിവാറിനുവേണ്ടി തകർക്കാനുള്ള നീക്കങ്ങൾക്കു നേതൃത്വം നൽകുന്നത് സിപിഎമ്മാണ്. തൃശൂർപൂരം കലക്കിയതുതന്നെ ബിജെപിക്കുവേണ്ടിയുള്ള ക്വട്ടേഷൻ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു.
എഐസിസി സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, പി.വി. മോഹനൻ, എംപിമാരായ ബെന്നി ബഹനാൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ജെബി മേത്തർ, എംഎൽഎമാരായ മോൻസ് ജോസഫ്, എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, അൻവർ സാദത്ത്, നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്ണ, ടി.യു. രാധാകൃഷ്ണൻ, അബ്ദുൽ മുത്തലിബ്, കെ.എ. തുളസി, എം. ലിജു, പി.കെ. ഫിറോസ്, സുരേഷ് വേലായുധൻ, രാജേന്ദ്രൻ നായർ, പി. കലാധരൻ, ശിവാനന്ദൻ, എ. തങ്കപ്പൻ, മരയ്ക്കാർ മാരായമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.