ഭൂ​മി​ത​രം​മാ​റ്റം: ഓൺലൈൻ അപേക്ഷകളിൽ തീർപ്പ് വൈകുന്നു
Tuesday, June 25, 2024 6:59 AM IST
കാ​ക്ക​നാ​ട്: ഭൂ​മി ത​രം​മാ​റ്റ​ത്തി​നാ​യി ഓൺലൈൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് കാ​ത്തി​രി​ക്കു​ന്ന​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ആളുകൾക്കും റ​വ​ന്യു അ​ധി​കൃ​ത​രി​ൽ നി​ന്ന് ഇ​നി​യും അ​നു​കൂ​ല ഉ​ത്ത​ര​വ് ല​ഭി​ച്ചി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം.

25 സെ​ന്‍റി​ൽ കു​റ​വു​ള്ള​തും വി​ല്ലേ​ജ് രേ​ഖ​ക​ളി​ൽ നി​ല​മെ​ന്നു ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തു​മാ​യ ഭൂ​മി​ക്ക് ക​മ്പോ​ള​വി​ല ഈ​ടാ​ക്കാ​തെ ത​ന്നെ ക​ര​ഭൂ​മി​യാ​ക്കി ത​രം​മാ​റ്റി ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉണ്ടെങ്കി​ലും 10 സെ​ന്‍റി​ൽ താ​ഴെ​യു​ള്ള​വ​യ്ക്ക് പോ​ലും യ​ഥാ​സ​മ​യം ത​രം​മാ​റ്റ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മുണ്ട്.

കൊ​ച്ചി, ക​ണ​യ​ന്നൂ​ർ, ആ​ലു​വ, പ​റ​വൂ​ർ, കു​ന്ന​ത്തു​നാ​ട്, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളി​ലും ഫോ​ർ​ട്ടു​കൊ​ച്ചി, മൂ​വാ​റ്റു​പു​ഴ ആ​ർഡി ​ഓ​ഫീ​സു​ക​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ളാ​ണ് ഇ​നി​യും തീ​ർ​പ്പാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം ബിടിആ​റി​ൽ നി​ല​മെ​ന്നും ത​ണ്ണീ​ർ​ത്ത​ട​മെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഏ​ക്ക​ർ ​ക​ണ​ക്കി​ന് ഭൂ​മി വ​ൻ​കി​ട​ക്കാ​ർ നി​ക​ത്തി​യെ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആക്ഷേപവുമുണ്ട്.

ഇ​ട​നി​ല​ക്കാർ വഴി നീങ്ങിയാൽ എളുപ്പം കാര്യസാധ്യം

ഭൂ​മി ത​രം​മാ​റ്റി ന​ൽ​കാ​ൻ വി​ദ​ഗ്ധോ​പ​ദേ​ശ​വും, ക​ട​ലാ​സ് ജോ​ലി​ക​ളും മ​റ്റും ഏ​റ്റെ​ടു​ക്കാ​ൻ റ​വ​ന്യൂ ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​നി​ല​സേ​വ​ന​വും ല​ഭ്യ​മാ​ണ്. ആ​ധാ​ര​ത്തി​ന്‍റെ പ​ക​ർ​പ്പ്, ക​ര​മ​ട​ച്ച ര​സീത് എ​ന്നി​വ​യും സെ​ന്‍റ് ഒ​ന്നി​ന് നി​ശ്ചി​ത തു​ക​യും ന​ൽ​കി​യാ​ൽ ആ​ർ​ഡി​ഒ, താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങാ​തെ അ​പേ​ക്ഷ​ക​ന് ഭൂ​മി​ത​ര​മാ​റ്റ ഉ​ത്ത​ര​വു ല​ഭി​ക്കും. റ​വ​ന്യൂ വ​കു​പ്പി​ൽ നി​ന്നും ഡ​പ്യൂ​ട്ടി ക​ളക്ട​ർ റാ​ങ്കി​ൽ വി​ര​മി​ച്ച ഒ​രു സം​ഘം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നെ​തെന്നും ​പ​റ​യ​പ്പെ​ടു​ന്നു.

അതിനിടെ ഓ​ൺ​ലൈ​ൻ​വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് ഭൂ​മി ത​രം​മാ​റ്റ ഉ​ത്ത​ര​വ് ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യും പ​രാ​തിയുണ്ട്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഫോം ​ന​മ്പ​ർ 5 ൽ ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് സീ​നി​യോ​റി​ട്ടി നോ​ക്കി മാ​ത്രം സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ന​ൽ​കു​ന്പോൾ ഇ​ട​നി​ല​ക്കാ​ർ വ​ഴി ​നേ​രി​ട്ട് ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ അ​തി​വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങും മു​ൻ​പ് ഓ​ൺ​ലൈ​ൻ​വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് ഇ​നി​യും കാത്തിരിപ്പിലാണ്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ്ഥ​ലം മാ​റ്റ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​വ​ന്നി​ട്ടും ഓ​ൺ ലൈ​ൻ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​യി​ട്ടി​ല്ല. മൂ​വാ​റ്റു​പു​ഴ, ഫോ​ർ​ട്ട്കൊ​ച്ചി ആ​ർഡി ​ ഓ​ഫീ​സുകൾക്കു കീ​ഴി​ലാ​​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തെന്ന് പറയപ്പെടുന്നു.