കടുത്തുരുത്തി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ സന്ദേശമടങ്ങിയ കത്തുകള്‍ അയച്ചു മാതൃകയാകും. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്താനായി സ്കൂളിലെ വിദ്യാര്‍ഥികള്‍ ശേഖരിച്ച മേല്‍വിലാസങ്ങളിലാണ് കത്തയയ്ക്കുന്നതെന്ന് പ്രഥമാധ്യാപകന് കെ.എം. തങ്കച്ചന് പറഞ്ഞു. ഇന്നു കത്തുകളെല്ലാം പോസ്റ്റ് ചെയ്യും.
ആദ്യഘട്ടത്തില്‍ നൂറോളം വീടുകളില്‍ കത്തുകളെത്തും. കൂടാതെ സമൂഹമാധ്യമങ്ങള്‍ വഴിയും കത്തുകള്‍ പങ്കുവയ്ക്കും. റെഡ്ക്രോസ്, അഡാര്‍ട്ട്, വിമുക്തി ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികളാണ് കത്തയച്ചത്.
ലഹരി വിരുദ്ധദിന സന്ദേശം കൂടുതല്‍ ആളുകളില്‍ നേരിട്ടെത്തിക്കുക, പരമാവധി ആളുകളെ പങ്കാളികളാക്കുക എന്ന ആശയത്തില്‍നിന്നാണ് വിദ്യാര്‍ഥികള്‍ വേറിട്ട ഈ വഴി തെരഞ്ഞെടുത്തത്. അന്യം നിന്നുവരുന്ന കത്തയയ്ക്കല്‍ എന്ന തപാല്സംസ്കാരം കുട്ടികള്‍ക്ക് അനുഭവവേദ്യമാകുന്നതിനും ഈ പ്രവര്‍ത്തനം സഹായകരമായി.
പ്രഥമാധ്യാപകനൊപ്പം റെഡ് ക്രോസ് കണ്‍വീനര്‍ ജിന്‍സി ബേബി, അഡാര്‍ട്ട്, വിമുക്തി ക്ലബ് കണ്‍വീനര്‍ ലിന്‍സി ജോസഫ്, അധ്യാപകരായ ജന്നീസ് ഏബ്രഹാം, എ.ടി. ജോസഫ്, സിസ്റ്റര്‍ ലിനറ്റ് മാനുവല്‍, സിസ്റ്റര്‍ മോളി അഗസ്റ്റിന്, ജിജിമോള്‍, ഷിന്ദുമോള്, ബ്രിജിത് എന്നിവര്‍ നേതൃത്വം നൽകി. ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് പ്രത്യേക അസംബ്ലി, പ്രസംഗമത്സരം, ക്വിസ്, പ്ലക്കാര്‍ഡ് നിര്‍മാണം എന്നിവയും സ്കൂളില്‍
നടക്കും.