പത്തനംതിട്ട: കുവൈറ്റ് ദുരന്തത്തിൽ മരിച്ച കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസിന്റെയും മല്ലപ്പള്ളി കീഴ്വായ്പൂര് സ്വദേശി സിബിൻ ടി. ഏബ്രഹാമിന്റെയും സംസ്കാരം ഇന്ന്. അടൂർ ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന സജു വർഗീസിന്റെ മൃതേദഹം രാവിലെ എട്ടോടെ അട്ടച്ചാക്കൽ ചെന്നശേരി ശാലോം വീട്ടിലെത്തിക്കും.
ഒന്നിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം രണ്ടിന് അട്ടച്ചാക്കൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിലാണ് സംസ്കാരം. സിബിൻ ടി. ഏബ്രഹാമിന്റെ മൃതദേഹം മല്ലപ്പള്ളി ജോർജ് മാത്തൻ മിഷൻ ആശുപത്രി മോർച്ചറിയിൽ നിന്നും എടുത്ത് രാവിലെ 7.30ന് ഭവനത്തിൽ കൊണ്ടുവരും. 12നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കീഴ്വായ്പൂര് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.
കുവൈറ്റ് ദുരന്തത്തിൽപെട്ടവർക്ക് ആദരാഞ്ജലിയുമായി തണ്ണിത്തോട്
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനവും സംയുക്തമായി കുവൈറ്റ് തീപിടിത്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ചു.
തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ഫാ. അജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ഫാ. ജോബിൻ യോഹന്നാൻ ശങ്കരത്തിൽ, റവ. ആന്റോ അച്ചൻകുഞ്ഞ്, കോന്നി ബ്ലോക്ക് പ്രസിഡന്റ് എം.വി. അമ്പിളി, വൈസ് പ്രസിഡന്റ് പി.വി. രശ്മി, സംയുക്ത യുവജനപ്രസ്ഥനം സെക്രട്ടറി ജോബിൻ കോശി, കെസിസി സോൺ സെക്രട്ടറി അനീഷ് തോമസ്,
ട്രഷറർ എൽ.എം. മത്തായി, കെസിസി വിവിധ കമ്മീഷൻ ഭാരവാഹികളായ ജോയിക്കുട്ടി ചേടിയത്ത്, ടി.എം. വർഗീസ്, ലിനു ഡേവിഡ്, ഇടിച്ചാണ്ടി മാത്യു, കെ.വി. സാമുവേൽ, ജോൺ കിഴക്കേതിൽ, മെറിനാ ജോസഫ്, റൂബി, സി.വി. രാജൻ, മത്തായി ജോഷ്വ തുടങ്ങിയവർ പ്രസംഗിച്ചു.
കുവൈറ്റ് ദുരന്തം: ആദരാഞ്ജലി അർപ്പിച്ച് എംസിവൈഎം
തിരുവല്ല: കുവൈറ്റ് അപകടത്തിൽ മരണമടഞ്ഞവരെ അനുസ്മരിച്ച് തിരുവല്ല അതിഭദ്രാസനത്തിലെ മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനം പ്രത്യേകം പ്രാർഥന നടത്തി. മരണമടഞ്ഞവരെ അനുസ്മരിച്ച് ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിച്ചു കൊണ്ട്
തിരുവല്ല മാക്ഫാസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിലെ പ്രവർത്തകർ കത്തിച്ച മെഴുകുതിരികളുമായി പ്രാർഥന നടത്തി.
എംസിവൈഎം തിരുവല്ല അതിഭദ്രാസന പ്രസിഡന്റ് സിറിയക് വി. ജോൺ, അതിരൂപതാ ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, ജനറൽ സെക്രട്ടറി ഷെറിൻ കാരിക്കോട്ട്, അതിരൂപത മുൻ പ്രസിഡന്റുമാരായ എജി പറപ്പാട്ട്, അജി കുതിരവട്ടം, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.