കൂരാച്ചുണ്ട്: വഖഫ് അവകാശവാദത്തിന്റെ പേരിൽ പ്രതിസന്ധിയിലായ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി കത്തോലിക്ക കോൺഗ്രസ്. കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഡയറക്ടർ ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ബോബൻ പുത്തൂരാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് കൂരാപ്പള്ളി, ട്രഷറർ ആഗസ്തി പാലറ, ജോർജ് മങ്ങാട്ട്, റെജി നേടിയപാല, സൂസി ചെമ്പോട്ടിക്കൽ, മോളി പുത്തൂരാൻ, തോമസ് നെടിയപാല, ബാബു ചിലമ്പിക്കുന്നേൽ, ബേബി മംഗലത്ത്, ആന്റോ മന്തക്കൊല്ലി, ജോസ് കിഴക്കുംപുറം തുടങ്ങിയവർ നേതൃത്വം നൽകി. വഖഫ് നിയമം ഭേദഗതി ചെയ്തുകൊണ്ട് മുനമ്പം ജനതയുടെ ഭൂമി സംരക്ഷിക്കണമെന്ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ ചേർന്ന പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കല്ലാനോട്: മുനമ്പം ജനത നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് കല്ലാനോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജീവനും സ്വത്തിനും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംരക്ഷണം തകിടം മറിച്ച് സമാന്തര നിയമവ്യവസ്ഥ സൃഷ്ടിക്കാനുള്ള ശിഥില ശക്തികളുടെ നീക്കത്തിനെതിരേയും സമൂഹത്തിൽ വർഗീയ ധ്രുവീകരണവും വർഗീയ പ്രീണനവും നടത്തി അരാജകത്വവും അസമത്വവും സൃഷ്ടിച്ച് വോട്ട് ബാങ്ക് രൂപീകരിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ അജണ്ടകൾക്കെതിരേയുമാണ് പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. ഡയറക്ടർ ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോർജ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. കെ.സി. ജോസ് കാനാട്ട്, ജോൺസൺ മാളിയേക്കൽ, അനു കടുകൻമാക്കൽ, പ്രിൻസ് ജോസഫ് വിലാസം, നിമ്മി പൊതിയിട്ടേൻ, ലൗലി സണ്ണി തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പേരാമ്പ്ര: വഖഫ് ആക്ടിന്റെ പേരിൽ നീതി നിഷേധിക്കപ്പെടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലയോര ഇടവകകൾ തോറും കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ റാലി നടത്തി. പടത്തുകടവ് തിരുകുടുംബ ദേവാലയ ഇടവക യൂണിറ്റിൽ വികാരി ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ വിശ്വാസികള്‍ അണിനിരന്നു. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പടത്തുകടവ് യൂണിറ്റ് പ്രസിഡന്റ് ഇ.എം. പോള്‍ മുഖ്യ പ്രഭാഷണം നടത്തി.
ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന വഖഫ് നിയമത്തില്‍ ഭേദഗതി വേണമെന്നും മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പടത്തുകടവ് യൂണിറ്റ് ആവശ്യപ്പെട്ടു.
തോമസ് ഫിലിപ്പ് നരിക്കാട്ട്, ഏബ്രഹാം മടപ്പാട്ട്, ബാബു ചക്കാലയിൽ, ആന്റണി ഇരവുചിറ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക യൂണിറ്റിൽ വികാരി ഫാ. പ്രിയേഷ് തേവടിയിൽ നേതൃത്വം നൽകി. പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യറാലിക്ക് വികാരി ഫാ. റെജി വള്ളോപ്പള്ളി, എകെസിസി യൂണിറ്റ് പ്രസിഡന്റ് ബിനോജ് വടക്കേടം, പോൾ കുംബ്ലാനി, തങ്കച്ചൻ കുംബ്ലാനി, ബിബിൻ വലിയവീട്ടിൽ എന്നിവർ നേതൃത്വം നൽകി.
എകെസിസി ചെമ്പനോട സെന്റ് ജോസഫ് ഇടവക യൂണിറ്റിന്റെ നേതൃത്വത്തിൽ മുനമ്പം ഐക്യദാർഢ്യ പരിപാടിയുടെ ഭാഗമായി പ്രകടനവും പൊതുയോഗവും നടത്തി. വികാരി ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് പ്രസിഡന്റ് ഷാജു വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. മാത്യു പേഴ്ത്തിങ്കൽ, ജോബി ഇലന്തൂർ, കെ.കെ. ജോൺ കുന്നത്ത്, ജേക്കബ് പൂകമല എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: കത്തോലിക്ക കോണ്‍ഗ്രസ് അശോകപുരം യൂണിറ്റ് മുനമ്പം ജനത നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആയിരക്കണക്കിനാളുകളെ കുടിയിറക്കാനുള്ള നീക്കം അവസാനിപ്പിക്കണം. വഖഫ് നിയമം പിന്‍വലിച്ച് മുനമ്പം നിവാസികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ബേബി കിഴക്കേഭാഗം ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപതാ വൈസ് പ്രസിഡന്റ് ഡോ. അല്‍ഫോന്‍സ മാത്യു മുനമ്പം വിഷയത്തെക്കുറിച്ച് വിശദീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോണ്‍ കെ. ജോസഫ്, സെക്രട്ടറി ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട്: മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുന്നമംഗലം സെന്റ് ജോസഫ്സ് പള്ളിയിൽ എകെസിസിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. വികാരി ഫാ. അനീഷ് പുളിച്ചമാക്കൽ ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് എൻ.ജെ. സെബാസ്റ്റ്യൻ പ്രസംഗിച്ചു.
കുറ്റ്യാടി: കത്തോലിക്ക കോൺഗ്രസ് കുണ്ടുതോട് എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽമുനമ്പം ഐക്യദാർഢ്യറാലി നടത്തി. സെന്റ് ജോസഫ്സ് ദേവാലയത്തിൽ നിന്ന് കുണ്ടുതോട് അങ്ങാടിയിലേക്ക് നടത്തിയ റാലിയിൽ നിരവധിയാളുകൾ പങ്കെടുത്തു. ഫാ. ജോർജ് വരിക്കാശേരി വിഷയാവതരണം നടത്തി. ടോമി ആലപ്പാട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആനന്തകുമാർ ചെറുപ്പിള്ളാട്ട്, സേവ്യർ അറക്കൽ, ഷാജു വലിയവീട്ടിൽ, ദീനാമ്മ വലിയവീട്ടിൽ, റോസക്കുട്ടി മുട്ടത്തുകൂന്നേൽ, അബിൻ വെമ്പാല, ലാലിച്ചൻ വട്ടപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
തോട്ടുമുക്കം: മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം യൂണിറ്റ് റാലി നടത്തി. വഖഫ് അവകാശത്തിന്റെ പേരിൽ പ്രതിസന്ധിയിലായ മുനമ്പം നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് റാലി ഉദ്ഘാടനം ചെയ്ത് തോട്ടുമുക്കം ഫൊറോന പള്ളി വികാരി ഫാ. ബെന്നി കാരക്കാട്ട് ആവശ്യപ്പെട്ടു. തോമസ് മുണ്ടപ്ലാക്കൽ, സാമ്പു വടക്കെപടവിൽ, ഷാജു പനക്കൽ, ജിജി തൈപറമ്പിൽ, സെബാസ്റ്റ്യൻ പൂവ്വത്തും കുടിയിൽ, റെജി മുണ്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.