കോഴിക്കോട്: സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായ പഴം- പച്ചക്കറികളില്‍ അനുവദനീയമായ പരിധിയിലധികം കീടനാശിനി സാന്നിധ്യം വീണ്ടും കണ്ടെത്തി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയില്‍ 'സേഫ് ടു ഈറ്റ്' പദ്ധതി പ്രകാരം നടത്തിയ പരിശോധനാഫലത്തിലാണ് ആശങ്കാജനകമായ വിവരങ്ങള്‍. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വിപണിയില്‍ നിന്നു നേരിട്ടു ശേഖരിച്ച് നല്കിയ പച്ചക്കറി സാമ്പിളുകളുടെ 64-ാമത്തെ പരിശോധനാ റിപ്പോര്‍ട്ടിലാണ് കീടനാശിനികളുടെ സാന്നിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
തൃശൂര്‍, കോട്ടയം, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ 13 ബ്ലോക്കുകളില്‍ നിന്നും 11 മുനിസിപ്പാലിറ്റികളില്‍ നിന്നും ശേഖരിച്ച 195 സാമ്പിളുകളില്‍ 26 എണ്ണത്തില്‍ (13.33%) അനുവദനീയ പരിധിയ്ക്ക് മുകളിലായി കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. അതേസമയം, പരിശോധിച്ച 37 ഇനം പച്ചക്കറി-പഴവര്‍ഗ സാമ്പിളുകള്‍ (117 എണ്ണം) കീടനാശിനി സാന്നിദ്ധ്യം ഇല്ലാത്തവയോ അനുവദനീയ പരിധിക്കു താഴെയുള്ളവയോ ആയിരുന്നുവെന്ന റിപ്പോര്‍ട്ട് തെല്ല് ആശ്വാസവും പകരുന്നു.
കീടനാശിനി അവശിഷ്ട വിഷാംശം കണ്ടെത്തിയത് 22 പച്ചക്കറിസാമ്പിളുകളിലും നാലു പഴവര്‍ഗ്ഗ സാമ്പിളുകളിലും ആയിരുന്നു. പാവയ്ക്ക, ചുരയ്ക്ക, കാപ്സിക്കം, കാരറ്റ്, മുരിങ്ങയ്ക്ക, നെല്ലിയ്ക്ക, പച്ചമുളക്, കോവയ്ക്ക, നാരങ്ങ, പച്ചമാങ്ങ, വെള്ളരി, റാഡിഷ്-വെള്ള, പടവലം, തക്കാളി എന്നീ പച്ചക്കറികളിലും പേരയ്ക്ക, തണ്ണിമത്തന്, ഗ്രീന്‍ആപ്പിള്‍ എന്നീ പഴവര്‍ഗങ്ങളിലുമാണ് കീടനാശിനി സാന്നിധ്യം അനുവദനീയ പരിധിക്ക് മുകളിലായി കണ്ടെത്തിയത്. നെല്ലിക്കയില്‍ മോണോക്രോട്ടോഫോസ് എന്ന കീടനാശിനിയുടെ അംശമാണ് പരിധിയിലധികം കണ്ടെത്തിയത്. കാസര്‍കോട്ട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒരു കടയില്‍ നിന്നാണ് നെല്ലിക്കയുടെ സാമ്പിള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്.
നാരങ്ങയില്‍ പെന്‍ഡിമെത്തലിന്‍ എന്ന കീടനാശിനി സാന്നിധ്യമാണ് കണ്ടെത്തിയത്. പച്ചമാങ്ങയില്‍ അസഫേറ്റ്, ടെബുകോണസോള്‍ എന്ന കീടനാശിനികളുടെ അംശമാണുള്ളത്. പച്ചമാങ്ങ, നെല്ലിക്ക, നാരങ്ങ എന്നിവ ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു വ്യാപകമായി എത്താന്‍ തുടങ്ങിയതോടെയാണ് കീടനാശിനി പ്രയോഗം വര്‍ധിച്ചത്. നിലവില്‍ കേരളത്തില്‍ പച്ചമാങ്ങാ സീസണ് അല്ലെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കീടനാശിനി പ്രയോഗിച്ച പച്ചമാങ്ങ ധാരാളമായി എത്തുന്നുണ്ട്. മാര്‍ക്കറ്റിലെ പേരയ്ക്കയും തണ്ണിമത്തനും കാണുമ്പോള്‍ ശുദ്ധമാണെന്നു കണ്ണടച്ചു വിശ്വസിക്കരുത്. പേരയ്ക്കയില്‍ തയാമെത്തോക്ലാം, അസഫേറ്റ് എന്നിവയുടെ അംശമാണ് കൂടുതലുള്ളത്.
തൃശൂര്‍, കോട്ടയം ജില്ലകളില്‍ നിന്നാണ് പേരയ്ക്കയുടെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിച്ചത്. തണ്ണിമത്തനില്‍ തയാമെത്തോക്ലോം എന്നിവയുടെ സാന്നിധ്യമാണുള്ളത്. തൃശൂര്‍, കോട്ടയം, കാസര്‍കോഡ് എന്നിവിടങ്ങളില്‍ നിന്നു ശേഖരിച്ച കാപ്സിക്കത്തിന്റെ സാമ്പിളുകളില്‍ വിവിധ ഇനം കീടനാശിനികളുടെ അംശം കൂടുതലാണ്. അസഫേറ്റ്, മെത്തമിഡാഫോസ്, ഒമേത്തോയേറ്റ്, ലാംഡ സൈഹാലോത്രിന്‍, ക്ലോത്തിയാനിഡിന്‍, ഇമിഡാക്ലോപ്രിഡ് എന്നീ കീടനാശിനികളുടെ അംശമാണ് കാപ്സിക്കത്തില്‍ അനുവദനീയമായ പരിധിക്കു മുകളില്‍ കണ്ടെത്തിയത്.
കീടനാശിനി സാന്നിധ്യം ഇല്ലാത്തവയോ അനുവദനീയമായ പരിധിക്കു താഴെയോ ആയ പഴം- പച്ചക്കറികളുടെ എണ്ണം വര്‍ധിച്ചുവെന്ന പരിശോധനാഫലത്തിനു കാരണം ഇത്തരം മിക്ക ഉല്പന്നങ്ങളുടെയും ഒരു സാമ്പിള്‍ മാത്രം പരിശോധിച്ചതുകൊണ്ടാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബജി മുളക്, കോളിഫ്ളവര്‍, ഇഞ്ചി, അമരയ്ക്ക, അവക്കാഡോ, വാഴയ്ക്ക, ചേന, മധുരക്കിഴങ്ങ്, വാളരിപയര്‍, പൈനാപ്പിള്‍, ഓമയ്ക്ക, സബര്‍ജല്ലി, റോബസ്റ്റ് എന്നിവയുടെ ഒരു സാമ്പിള്‍ മാത്രമാണ് പരിശോധനാ വിധേയമാക്കിയത്. ഇവയില്‍ അനുവദനീയമായ പരിധിയില്‍ താഴെയാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. വെണ്ടയ്ക്ക, വഴുതിനങ്ങ, കുമ്പളം, പയര്‍ എന്നിവയിലും കൂടുതല്‍ അളവില്‍ കീടനാശിനി സാന്നിധ്യമില്ല. ഇവയടെ രണ്ടു വീതം സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്.