താമരശേരി: മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളെ ഇഎസ്എ (പരിസ്ഥിതി ലോല മേഖല) യില്‍ ഉള്‍പ്പെടുത്തിയത് യാതൊരു ആസൂത്രണവുമില്ലാതെയാണെന്നു വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഈങ്ങാപ്പുഴയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ ബിസിനസുകാര്‍ക്ക് വേണ്ടി മാത്രമാണ് രാജ്യത്ത് നയങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. കര്‍ഷകരോട് യാതൊരുവിധ അനുഭാവമോ ദയയോ ഇല്ല. രാജ്യത്തെ കര്‍ഷകരും ആദിവാസികളും ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. പുതിയ ജോലികള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ ആരോഗ്യ സംവിധാനങ്ങളെ കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ കേന്ദ്രസര്‍ക്കാരിന് യാതൊരു ചിന്തയുമില്ല. ജനങ്ങളോട് യാതൊരു ബഹുമാനവും ഇല്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കി. അനാവശ്യമായ നികുതി നിയമങ്ങള്‍ കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാരെ തകര്‍ത്തു. റബറിന് താങ്ങുവില നല്‍കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ ജനങ്ങള്‍ എപ്പോഴും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്. രാജ്യത്തെ എല്ലാ മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് വയനാട്ടുകാര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയതിന്റെ ചരിത്രം ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. ഇവിടുത്തെ തദ്ദേശീയ ജനങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയവരാണ്. വയനാട്ടിലെ ജനങ്ങള്‍ എപ്പോഴും സാഹോദര്യത്തിലും ഐക്യത്തിലുമാണ് ജീവിക്കുന്നത്. എന്റെ സഹോദരന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ വലിയ കാമ്പയിന് തന്നെ നടത്തിയെങ്കിലും വയനാട്ടിലെ ജനങ്ങള്‍ സത്യത്തിനു വേണ്ടി നിലകൊണ്ടു. ഈ ലോകം മുഴുവന്‍ എന്റെ സഹോദരനോട് പുറംതിരിഞ്ഞു നിന്നപ്പോഴും വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തിന് സ്നേഹം നല്‍കിയെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ദീപാദാസ് മുന്‍ഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സി.പി. ചെറിയ മുഹമ്മദ്, എം.കെ. രാഘവന് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്ത്, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി, രാജേഷ് ജോസ്, വി.കെ. ഹുസൈന് കുട്ടി, കെ.സി.അബു, കെ. ബാലനാരായണന്‍, അഹമ്മദ് പുന്നക്കല്‍, വി.എം. ഉമ്മര്‍, സി.കെ. കാസിം, ബാബു പൈക്കാട്ടില്‍, അഡ്വ. പി.സി. നജീബ്, ബിജു താന്നിക്കാകുഴി, പഞ്ചായത്ത് പ്രസിഡന്റ് നജ്മ ഷരീഫ് എന്നിവര്‍ പങ്കെടുത്തു.