അംബേദ്കറെ ബഹുമാനിക്കാൻ താരതമ്യേന എളുപ്പമാണ്. ദളിതരെ ബഹുമാനിക്കാനും അംഗീകരിക്കാനുമാണ് വിഷമം. ഒന്ന് പ്രസംഗവും മറ്റൊന്ന് പ്രവൃത്തിയുമാണല്ലോ.
എന്തിന്റെ പേരിലായാലും അംബേദ്കർ വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുന്നതു നല്ലതാണ്. സമാന്തരമായി, ദളിത് ജനകോടികളുടെ പരിതാപകരമായ സാന്പത്തികസ്ഥിതിയെയും അടിച്ചേൽപ്പിക്കപ്പെട്ട പിന്നാക്കാവസ്ഥയെയും വേരറക്കേണ്ട സവർണബോധത്തെയും ഓർമിപ്പിക്കാനും തിരുത്താനും പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ. “അംബേദ്കർ, അംബേദ്കർ, അംബേദ്കർ...” എന്ന് രാജ്യം പറഞ്ഞുകൊണ്ടിരിക്കുന്നതിൽ ആരും അസഹിഷ്ണുത കാണിക്കേണ്ടതില്ല. “ദളിതർ, ദളിതർ, ദളിതർ” എന്ന് ഓർമിപ്പിക്കാൻ അതിനോളം പോന്ന മറ്റൊരു നാമവുമില്ല.
ഭരണഘടനാ ശില്പി ഭാരതരത്ന ഡോ. ബി.ആർ. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന ആരോപണമാണ് കോളിളക്കമായത്. അംബേദ്കറുടെ പേരു പറയുന്നത് ഫാഷനായി മാറിയെന്നും, അംബേദ്കര്‍ എന്നതിനു പകരം ദൈവത്തെ അത്രയും തവണ വിളിച്ചിരുന്നെങ്കിൽ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാമായിരുന്നു എന്ന രീതിയിലാണ് അമിത് ഷായുടെ പരാമര്‍ശം.
അംബേദ്കറെ ആഭ്യന്തരമന്ത്രി അവഹേളിച്ചു എന്നാരോപിച്ച് കോൺഗ്രസും പ്രതിപക്ഷവും ഇതിനെതിരേ രംഗത്തെത്തി. അമിത് ഷായുടെ പരാമർശം മനുസ്മൃതിയുടെ ചിന്താഗതി പ്രതിഫലിപ്പിക്കുന്നതാണെന്നും രാജ്യത്തോടു മാപ്പ് പറയണമെന്നും, രാജിവച്ചില്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്.
എന്നാൽ, തന്റെ പ്രസംഗത്തെ കോൺഗ്രസ് വളച്ചൊടിച്ചെന്നായിരുന്നു അമിത് ഷാ പ്രതികരിച്ചത്. കോൺഗ്രസ് അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴാണ് അംബേദ്കർക്കു ഭാരതരത്ന നൽകിയതെന്നും അവർ അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥാപിച്ചില്ലെന്നും ബിജെപി അഞ്ചു പ്രതിമകൾ സ്ഥാപിച്ചെന്നും അംബേദ്കറോടുള്ള ബഹുമാനസൂചകമായി ഭരണഘടനാ ദിനം ആചരിക്കാൻ ആരംഭിച്ചത് മോദിയാണെന്നും അമിത് ഷാ പറഞ്ഞു.
അംബേദ്കറെ രണ്ടു തവണ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയെന്നും നെഹ്റു അവഹേളിച്ചെന്നും പാർലമെന്റിൽ അംബേദ്കറുടെ ഫോട്ടോ വയ്ക്കുന്നതിന് സ്ഥലം നിഷേധിച്ചെന്നുംകൂടി മോദി കൂട്ടിച്ചേർത്തു. പക്ഷെ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. ഇവിടെ ഏതാനും കാര്യങ്ങൾ പറയേണ്ടതുണ്ട്.
ഒന്ന്, ആഭ്യന്തരമന്ത്രി തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. സ്വർഗത്തിൽ പോകാനല്ല ആരും അംബേദ്കറുടെ പേരും വാക്കുകളും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്; അത് ഈ രാജ്യത്തെ ദളിതർക്കു ഭൂമിയിൽ മനുഷ്യരെപ്പോലെ ജീവിക്കാൻ മാത്രമാണ്. അതുപോലെ, അംബേദ്കറുടെ പേരു പറയുന്നത് ഫാഷനാകുന്നത് മാറ്റത്തിന്റെ ലക്ഷണമാകാം. ജാതി-വർഗ-വർണ വ്യത്യാസമില്ലാത്ത, വിദ്യാഭ്യാസത്തിലും സന്പത്തിലും അന്തസിലും തുല്യതയുടെ ഭൂമിയിലേക്കുള്ള മാറ്റം.
അത് അംബേദ്കർക്കു നൽകിയിട്ടുള്ള പുരസ്കാരങ്ങളെക്കാളും, രാജ്യത്ത് സ്ഥാപിക്കപ്പെട്ട പ്രതിമകളെക്കാളുമൊക്കെ പ്രധാനമാണ്. ഭരണഘടനയുടെ മഹത്തായ 75 വർഷത്തെക്കുറിച്ചുള്ള ചർച്ചയാണ് രാജ്യസഭയിൽ നടന്നത്. ചർച്ച അംബേദ്കറിൽനിന്ന് ദളിതരിലേക്കു കടക്കുന്നില്ല. അംബേദ്കറെ ബഹുമാനിക്കാനും ബഹുമാനിക്കുന്നുവെന്നു വരുത്താനും താരതമ്യേന എളുപ്പമാണ്. ദളിതരെ ബഹുമാനിക്കാനും അംഗീകരിക്കാനുമാണ് വിഷമം.
ഒന്ന് പ്രസംഗവും മറ്റൊന്ന് സവർണതയിലൂന്നിയ പ്രവൃത്തിയുമാണ്. അതുകൊണ്ടാണ്, സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും 75 ആഘോഷവത്സരങ്ങൾ പിന്നിട്ടിട്ടും ദളിതരുടെ പിന്നാക്കാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകാത്തത്. അതുകൊണ്ടാണ്, ഏതാനും അംബേദ്കർ പ്രതിമകളിലും, ദളിതർക്കും ആദിവാസികൾക്കും അധികാരത്തിന്റെ ഏതാനും കസേരകൾ നൽകുന്ന പ്രകടനപരതയിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയം കുടുങ്ങിക്കിടക്കുന്നത്.
അതുകൊണ്ടാണ്, പട്ടികജാതി-പട്ടികവർഗങ്ങൾക്കെതിരേ അക്രമങ്ങൾ വർഷംതോറും വർധിക്കുന്നതായി നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക് പുറത്തുവരുന്നത്. അതുകൊണ്ടാണ്, ദളിതരുടെയും ആദിവാസികളുടെയും യഥാർഥ സ്ഥിതിയറിയാൻ സെൻസസ് നടത്തില്ലെന്ന് ഭരിക്കുന്നവർ വാശിപിടിക്കുന്നത്. ദളിതരെ രക്ഷപ്പെടാൻ അനുവദിക്കാത്ത ഈ രാഷ്ട്രീയത്തിൽ ബിജെപിക്കു വലിയ പങ്കുണ്ടെങ്കിലും അതു ബിജെപിയുടേതു മാത്രമല്ല.
ആയിരുന്നെങ്കിൽ, അസ്പൃശ്യതയുടെ തുരുത്തുകൾ ഏറെ നിലവിലുള്ള ഈ രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ചത് കോൺഗ്രസ് ആയിരുന്നില്ലേ എന്ന് ഓർമിപ്പിക്കേണ്ടിവരും. ഇപ്പോഴത്തെ നിലയും പരിശോധിക്കൂ. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഇടതുപക്ഷവും ആം ആദ്മി പാർട്ടിയും സമാജ്വാദി പാർട്ടിയും നാഷണൽ കോൺഫറൻസുമൊക്കെ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ദളിതർക്ക് അധികാരവും സന്പത്തും അന്തസും വാഹനങ്ങളും നല്ല വസ്ത്രവും വഴിയും കിണറുകളുമെല്ലാം വിലക്കപ്പെടുന്നുണ്ട്.
അട്ടപ്പാടിയിലെ മധു, വയനാട്ടിലെ വിശ്വനാഥൻ, മാനന്തവാടിയിലെ മാതൻ, ചുണ്ടമ്മ... എല്ലാവരും കേരളത്തിലായിരുന്നു. ഗാന്ധിജിയെയും നെഹ്റുവിനെയും കോൺഗ്രസിനെയും വിട്ടുവീഴ്ചയില്ലാതെ വിമർശിച്ചിരുന്ന അംബേദ്കറെ ഭരണഘടനാനിർമാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ച കോൺഗ്രസിന്റെ മഹത്തായ രാഷ്ട്രീയ പ്രബുദ്ധതയെ കണ്ടില്ലെന്നു നടിക്കുന്നില്ല. പക്ഷേ, ആ പുരോഗതി അതേ വേഗത്തിൽ മുന്നോട്ടു പോയില്ല.
രാജ്യത്തിന്റെ പൊതുവായ സവർണ മനോഭാവം തിരുത്തുന്നതിനു മുന്നോടിയായി ഓരോ പാർട്ടിയും അതിന്റെ സവർണ മനോഭാവം മാറ്റാൻ പറ്റുമോയെന്നു ശ്രമിച്ചുനോക്കൂ. അതിനുമുന്‍പ് നേതാക്കൾ ഉൾപ്പെടെ ഓരോരുത്തരും വ്യക്തിപരമായും തങ്ങളുടെ നിലപാട് നിരീക്ഷിക്കട്ടെ. അപ്പോഴറിയാം കാര്യങ്ങളുടെ കിടപ്പ്.
രാജ്യസഭയിൽ തുടങ്ങിയ ചർച്ചകൾ തുടരട്ടെ, അംബേദ്കറോടുള്ള ബഹുമാനത്തിന്റെ വോട്ടുരാഷ്ട്രീയം കടന്ന്, ദളിത് യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യുവോളം. അല്ലെങ്കിൽ, സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും 100-ാം വാർഷികത്തിലും അസമത്വത്തിന്റെ ഇന്ത്യ, ദളിതരുടെ ശിരസ് ചവിട്ടിത്താഴ്ത്തി അംബേദ്കറെ "ബഹുമാനിച്ചു’കൊണ്ടേയിരിക്കും.