രക്ഷിക്കാനുള്ള കഴിവുകേട് ശിക്ഷിക്കാനുള്ള കഴിവുകൊണ്ട് മറയ്ക്കാനാകുമോ?
വന്യജീവികളിൽനിന്നോ ജനദ്രോഹനിയമങ്ങളിൽനിന്നോ വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നോ ജനങ്ങളെ രക്ഷിക്കാൻ ഈ സർക്കാരിനു കഴിവോ താത്പര്യമോ ഉള്ളതായി ആർക്കും തെറ്റിദ്ധാരണപോലുമില്ല. സംസ്ഥാന വനനിയമ ഭേദഗതി കരട് വിജ്ഞാപനവും അതിന്റെ തെളിവായി മാറിയിരിക്കുകയാണ്.
മനുഷ്യരെ ക്രൂരമായി കൊന്നൊടുക്കുകയും പണിയെടുത്തു ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ ശേഷിയില്ലാത്ത വനം മന്ത്രിയാണ് ഈ ജനദ്രോഹ വാറോലയിൽ ഒപ്പിട്ടിരിക്കുന്നത്. വനം, കേരളത്തിന്റെ അയൽരാജ്യവും വന്യജീവികളുടേത് അതിർത്തി കടന്നെത്തുന്ന ഭീകരാക്രമണവും വനംവകുപ്പ് ഉദ്യോഗസ്ഥർ അധിനിവേശക്കാരായ സൈന്യവുമായി മാറി. ഈ സമാന്തര ജന്തുസ്ഥാൻ ഉദ്യോഗസ്ഥർക്ക്, പൗരന്മാർക്കുമേൽ കുതിരകയറാനുള്ള നിയമങ്ങൾ പാസാക്കിക്കൊടുക്കുകയാണ് ഒറ്റുകാരായ നമ്മുടെ ഭരണാധികാരികൾ. അതിൽ ഏറ്റവും പുതിയതാണ് 1961ലെ വനനിയമം ഭേദഗതി ചെയ്ത് ഇറക്കിയിരിക്കുന്ന വിജ്ഞാപനം.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്നു കൊലവിളിക്കുന്പോൾ നോക്കുകുത്തിയായി നിൽക്കുന്ന സർക്കാർ, കാട്ടിൽ കയറുകയോ കയറിയെന്നു വനം വകുപ്പ് ജീവനക്കാർക്കു തോന്നുകയോ ചെയ്യുന്ന മനുഷ്യരെ മര്യാദ പഠിപ്പിക്കാൻ കൊണ്ടുവന്നിരിക്കുന്ന നിയമത്തെക്കുറിച്ചാണ് നാം പറയുന്നത്. അതാണ്, 2024 നവംബര്‍ ഒന്നിന് കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്ത കേരള വന നിയമ ഭേദഗതി 2024. അതനുസരിച്ച്, വനം കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിവരെ കൂട്ടും. വാറണ്ടോ കേസോ ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തിക മുതലുള്ള ഓഫീസര്‍മാര്‍ക്ക് അനുമതിയുണ്ടാകും.
ജീവനക്കാരന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നോ തോട്ടിൽനിന്നു മീൻ പിടിച്ചെന്നോ കാട്ടിൽ പ്ലാസ്റ്റിക് ഇട്ടെന്നോ പറഞ്ഞ് കൈയിൽ കിട്ടിയവരെ അറസ്റ്റ് ചെയ്യാം. വന്യജീവി ശല്യത്തിന്റെയോ കർഷകദ്രോഹത്തിന്റെയോ പേരിൽ തങ്ങളെ ചോദ്യം ചെയ്ത കർഷകനെയും ഇനി ഒരു ജീവനക്കാരൻ വിചാരിച്ചാൽ "ഒതുക്കാം'.
വനത്തിനുള്ളില്‍നിന്ന് മണല്‍ വാരുക, വനാതിര്‍ത്തിയിലെ വേലികള്‍ക്കും കൈയാലകള്‍ക്കും കേടുവരുത്തുക, തോക്കുകളും സ്ഫോടകവസ്തുക്കളുമായി വനത്തില്‍ പ്രവേശിക്കുക, വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, അവയെ ശല്യപ്പെടുത്തുക... ഇതൊക്കെ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതപോലും തിരിച്ചറിയാനായില്ലല്ലോ ഈ മന്ത്രിക്ക്! തോക്കുമായി വേട്ടയ്ക്കിറങ്ങുന്നവർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കാനൊന്നും നിലവിൽ വകുപ്പില്ലാഞ്ഞിട്ടല്ല, കഴിവുകേടു മറയ്ക്കാനാണ് സർക്കാരിന്റെ കുറുക്കുവഴി. ഇതിന്റെ പകുതി ആത്മാർഥത വനം വകുപ്പിനോ സർക്കാരിനോ ഉണ്ടായിരുന്നെങ്കിൽ വന്യജീവികൾ കൊന്നൊടുക്കിയ വനാതിർത്തികളിലെ എത്രയോ മനുഷ്യർ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു! വനം സംരക്ഷിക്കുകതന്നെ വേണം; കർഷകരെ കുരുതികൊടുത്തു വേണ്ട.
വനംവകുപ്പിന് അകത്തും പുറത്തുമുള്ള ഒരു കാട്ടുകള്ളനെയും തടയാൻ ഈ നിയമത്തിനു കഴിയില്ല. നിയമങ്ങളില്ലാത്തതല്ല ഈ സംസ്ഥാനത്തിന്റെ പ്രതിസന്ധി. പോലീസില്ലാഞ്ഞിട്ടാണോ നാട്ടിൽ കുറ്റകൃത്യങ്ങൾ ഈ വിധം പെരുകുന്നത്? സിപിഎമ്മിന്റേത് ഉൾപ്പെടെയുള്ള നേതാക്കൾ നിയന്ത്രിക്കാത്ത ഏതെങ്കിലും പോലീസ് സ്റ്റേഷൻ കേരളത്തിലുണ്ടോ? ട്രാഫിക് നിയമങ്ങൾ ഇല്ലാതിരുന്നിട്ടാണോ റോഡപകടങ്ങൾ പെരുകുന്നത്? പടി വാങ്ങാതെ ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്ന എത്ര ഉദ്യോഗസ്ഥരുണ്ട് മോട്ടോർ വാഹന വകുപ്പിൽ? എക്സൈസും പോലീസും ഇല്ലാതിരുന്നിട്ടാണോ മുക്കിനും മൂലയിലും മയക്കുമരുന്ന് സുലഭമായത്? വനം-വന്യജീവി നിയമം ഇല്ലാത്തതുകൊണ്ടാണോ കാട്ടിൽ കഴിയേണ്ട വന്യജീവികൾ നാടു വിറപ്പിക്കുന്നത്? ഈ നിയമഭേദഗതി പാസായാൽ ഉറപ്പാകുന്ന ഒരു കാര്യമേയുള്ളൂ.
വനാതിർത്തിയിലെ ക്ലേശകരമായ ജീവിതം കൂടുതൽ ദുഃസഹമാക്കി അവശേഷിക്കുന്ന കർഷകരെയും കുടിയിറക്കാൻ വനംവകുപ്പിന് അധികാരമുണ്ടാകും. വന്യജീവകളെ ഭയക്കുന്നതുപോലെ വനംവകുപ്പു ജീവനക്കാരിൽ പലരെയും ഭയക്കേണ്ടിവരും. ജനമേഖല ബഫർസോണാക്കാനും ബഫർസോണുകൾ വനമാക്കാനും കൂടുതൽ സൗകര്യമാകും. കാർബൺ ക്രെഡിറ്റ് ഫണ്ട് വർധിച്ചേക്കും. പക്ഷേ, ഇന്നല്ലെങ്കിൽ നാളെ പത്തായപ്പുരകൾ നമ്മുടെ ഖജനാവുപോലെയാകും.
തോന്നുന്ന ഭൂമിയെല്ലാം വെട്ടിപ്പിടിക്കാൻ വഖഫ് ബോർഡിന് അധികാരം കൊടുത്ത വഖഫ് നിയമത്തോടാണ്, കർഷകർ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു മനുഷ്യരുടെ നെഞ്ചത്തുകയറാൻ വനം വകുപ്പിന് അധികാരം നൽകുന്ന നിയമഭേദഗതിക്കു സാമ്യം. വനാതിർത്തികളിലെ മനുഷ്യരെയും മലയോര കർഷകരെയും അഭിമാനത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അനുവദിക്കാത്ത നീക്കങ്ങളേ വനംവകുപ്പിൽനിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളൂ. ജനുവരിയിൽ നിയമസഭയിൽ ഈ നിയമം പാസാക്കാൻ കൈപൊക്കുന്ന എംഎൽഎമാരെ തിരിച്ചറിയുന്നിടത്തുനിന്നു തുടങ്ങും കേരളത്തിലെ കർഷക രാഷ്ട്രീയം.
വന്യജീവികൾ മനുഷ്യരെ കൊന്നൊടുക്കുന്പോൾ അനുശോചനം രേഖപ്പെടുത്താൻ മാത്രം എന്തിനാണ് ഒരു സർക്കാർ? കേന്ദ്രത്തിനു നിവേദനം കൊടുത്തു കാത്തിരിക്കുകയും 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തിന്റെ മറവിൽ മോങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അലസരായ ഭരണാധികാരികളല്ല കേരളത്തിനാവശ്യം. ഈ നിയമത്തിന്റെ പേരിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം നടത്തുന്ന പഴിചാരൽ അധികാരത്തിന്റെ അശ്ലീലനാടകമായി മാറി.
കർഷകർക്കു കൃഷികൊണ്ടു ജീവിക്കണമെങ്കിൽ കരിനിയമസ്രഷ്ടാക്കളെ രാഷ്ട്രീയമായി നേരിടണമെന്നു തിരിച്ചറിഞ്ഞവരാണ് ഉത്തരേന്ത്യയിലെ കർഷകർ. ഏറെ ക്ലേശം സഹിച്ചെങ്കിലും, അവർ കടിച്ച പാന്പിനെക്കൊണ്ടുതന്നെ കാർഷിക നിയമങ്ങളുടെ വിഷമിറക്കിയത് രാജ്യം കണ്ടതാണ്. ആ കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുടെ കേരളത്തിലെ മുഖംമൂടികൾ മാറ്റാൻ സമയമായി.
ആവർത്തിച്ചു പറയട്ടെ, വനംവകുപ്പല്ല, കർഷകരാണ് കാടിന്റെ സംരക്ഷകർ. അവരുടെ കൃഷിയിടങ്ങൾ കാടിനു പുറത്തെ ഫലവൃക്ഷ വനങ്ങളാണ്. അവരാണ് യഥാർഥ പരിസ്ഥിതി സംരക്ഷകർ; ഒരു മരവും വച്ചുപിടിപ്പിക്കാതെ കടലാസു സംഘടനകളുമായി ഭരണകേന്ദ്രങ്ങളും കോടതികളും കയറിയിറങ്ങുന്നവരല്ല. പകലന്തിയോളം കർഷകർ പണിയെടുക്കുന്നതുകൊണ്ടാണ് നമ്മുടെ കൈയിലെ പണം ഭക്ഷണമായി മാറുന്നത്. മന്ത്രിമാർക്കും വേണം തിന്ന ചോറിനു നന്ദി. കർഷകരുടെ ജീവിതം കൂടുതൽ ദുഃസഹമാക്കുന്ന ഈ നിയമം ഈവിധം നടപ്പാക്കാൻ പാടില്ല.