ഭരണപക്ഷമായാലും പ്രതിപക്ഷമായാലും, പാർലമെന്റ് സമ്മേളനങ്ങളെ നിർവീര്യമാക്കുകയും അവഹേളിക്കുകയും ചെയ്യുന്നവർ ജനാധിപത്യത്തെ ബഹുമാനിക്കാത്തവരാണ്. മണ്ഡലത്തിൽ ജയിപ്പിച്ചവരെ പാർലമെന്റിൽ തോൽപ്പിക്കരുത്.
സർക്കാരിന്റെ ധാർഷ്ട്യത്തിനോ പ്രതിപക്ഷത്തിന്റെ അപക്വമായ സമരമാർഗങ്ങൾക്കോ വിറകൊള്ളിക്കാനുള്ളതല്ല പാർലമെന്റ്; അതു ജനങ്ങളുടേതാണ്. പക്ഷേ, ആ തിരിച്ചറിവില്ലാത്ത അംഗങ്ങളെയാണ് നവംബർ 25നു തുടങ്ങിയതും ഡിസംബർ 20ന് അവസാനിക്കേണ്ടതുമായ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കാണുന്നത്.
പ്രതിപക്ഷം ഉന്നയിച്ച മുഖ്യവിഷയങ്ങളിൽ ചർച്ച അനുവദിക്കാത്ത സർക്കാരും തൊട്ടുപിന്നാലെ ബഹളംവച്ച് ഇറങ്ങിപ്പോകുന്ന പ്രതിപക്ഷവും ജനകീയ ആവശ്യങ്ങളുടെ പ്രതിഫലനത്തെയും ജനാധിപത്യത്തിന്റെ അർഥവത്തായ നിയമനിർമാണ സാധ്യതകളെയും പരിമിതപ്പെടുത്തിക്കളഞ്ഞു. ആദ്യത്തെ അഞ്ചു ദിവസത്തിനിടെ ലോക്സഭ 67 മിനിറ്റും രാജ്യസഭ 93 മിനിറ്റും മാത്രമാണു സമ്മേളിച്ചത്. അടുത്ത രണ്ടു ദിവസങ്ങൾ അവധിയായിരുന്നു.
പിന്നീടു നടത്തിയ ചർച്ചകളിലും മുൻ ഭരണാധികാരികളെ അവഹേളിക്കലും അനാവശ്യ വാക്പോരുകളുമാണു കണ്ടത്. ഇത് ഒറ്റപ്പെട്ടതല്ല, മുൻ സമ്മേളനങ്ങളിലും ഇതായിരുന്ന സ്ഥിതി. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും, പാർലമെന്റിനെ നിർവീര്യമാക്കുകയും അവഹേളിക്കുകയും ചെയ്യുന്നവർ ജനാധിപത്യത്തെ ബഹുമാനിക്കാത്തവരാണ്. അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും നിങ്ങളെ തെരഞ്ഞെടുത്തവരോടു പ്രതിബദ്ധത കാണിച്ചാലും. ജനത്തിന്റെ ആധിപത്യത്തിനു മുകളിലല്ല ജനപ്രതിനിധിയുടെ കസേര.
സംബാൽ അക്രമം, അദാനിക്കെതിരായ അഴിമതിയാരോപണം, മണിപ്പുർ കലാപം തുടങ്ങിയ വിഷയങ്ങളിലാണ് പ്രതിപക്ഷം സഭയിൽ ചർച്ച ആവശ്യപ്പെട്ടത്. അവ ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നെങ്കിലും ലോക്സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷന്മാർ സർക്കാരിന്റെ താത്പര്യങ്ങൾ ഉൾക്കൊണ്ട് അതു നിഷേധിച്ചു. തൊട്ടുപിന്നാലെ, പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു. തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ ചർച്ച അനുവദിക്കാതിരിക്കുന്പോൾ പ്രതിഷേധിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്.
പക്ഷേ, അത് അനന്തമായി നീളുന്പോൾ പാർലമെന്റ് സമ്മേളനത്തിന്റെ ലക്ഷ്യത്തിന് എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയണം. കാതലായ വിഷയങ്ങളിൽ ചർച്ച അനുവദിക്കാതിരിക്കുന്പോൾതന്നെ സർക്കാരിന്റെ താത്പര്യങ്ങൾ ജനം തിരിച്ചറിഞ്ഞുകൊള്ളും. പ്രതിഷേധത്തിന്റെ ഭാഗമായാലും ഇറങ്ങിപ്പോകുന്നവർ നിശ്ചിത സമയം കഴിഞ്ഞാൽ തിരികെകയറുകയും സമ്മേളനത്തിൽ ക്രിയാത്മകമായി പങ്കെടുക്കുകയുമാണു വേണ്ടത്.
ബാക്കിയുള്ള പ്രതിഷേധവും പ്രസംഗവും പാർലമെന്റിനു പുറത്തു നടത്താവുന്നതാണ്. പ്രതിപക്ഷത്തോടുള്ള സർക്കാരിന്റെ സമീപനത്തിൽ ജനാധിപത്യത്തിന്റെ ലക്ഷണങ്ങളില്ല. “ജനം തിരസ്കരിച്ചവരാണ് രാഷ്ട്രീയനേട്ടത്തിനായി പാർലമെന്റിനെ നിയന്ത്രിക്കാന് ശ്രമിക്കുന്നത്”എന്നു ശീതകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ പരാമർശമാണ്. ജനം തിരസ്കരിച്ചവർക്ക് പാർമെന്റിൽ എത്താനാകില്ല. അത്തരം പരാമർശങ്ങൾ ജനങ്ങളോടുള്ള നിന്ദയാണ്.
സർക്കാരിനെ തുറന്നുകാണിക്കാൻ ശ്രമിച്ച പ്രതിപക്ഷം സ്വയം വെളിപ്പെടുത്തുന്ന കാഴ്ചയും ജനം കണ്ടു. അദാനി വിഷയത്തിൽ തുടർച്ചയായി സഭ സ്തംഭിപ്പിച്ചതിൽ ഇന്ത്യ സഖ്യത്തിലും കോൺഗ്രസിനുള്ളിൽത്തന്നെയും അഭിപ്രായവ്യത്യാസമുണ്ടായി. കാർഷികവിളകളുടെ താങ്ങുവിലയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം വാക്കൗട്ട് നടത്തിയപ്പോൾ തൃണമൂൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും അതിന്റെ ഭാഗമായില്ല.
രാജ്യസഭയിൽ സംബാൽ വിഷയത്തിൽ എസ്പി, മുസ്ലിം ലീഗ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി അംഗങ്ങൾ വാക്കൗട്ട് നടത്തിയെങ്കിലും കോൺഗ്രസും സിപിഎമ്മും സിപിഐയും പങ്കെടുത്തില്ല. അദാനി വിഷയത്തിൽ പാർലമെന്റിനു പുറത്ത് ഇന്ത്യ സഖ്യം പ്രതിഷേധിച്ചെങ്കിലും തൃണമൂൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും വിട്ടുനിന്നു. അനൈക്യത്തിന്റെ വിണ്ടുകീറിയ കപ്പലിലാണ് പ്രതിപക്ഷം പാർലമെന്റിലെത്തിയത്.
ഉന്നയിക്കേണ്ട വിഷയങ്ങളിൽ പോലും യോജിപ്പിലെത്താൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. ഈ അനൈക്യം മുതലെടുത്ത്, പാർട്ടിയും വിഷയവും നോക്കി മാത്രം ചർച്ചകൾ അനുവദിച്ച് സർക്കാർ ഭിന്നിപ്പിക്കൽ തന്ത്രം ഏറെക്കുറെ വിജയകരമായി നടപ്പാക്കുകയും ചെയ്തു. പ്രതിപക്ഷത്തിലെ ഈ അനൈക്യമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയുടെ പ്രതീക്ഷ.
പ്രതിപക്ഷവും ചേരുന്നതാണ് പാർലമെന്റ് എന്ന് ഭരിക്കുന്നവർ തിരിച്ചറിയണം. അതിനു വിരുദ്ധമായ സമീപനമാണ് ഭരണപക്ഷത്തുനിന്നുണ്ടാകുന്നതെങ്കിൽ പാർലമെന്റിനെ അവർക്കു വിട്ടുകൊടുത്ത് മാറിനിൽക്കുകയല്ല പ്രതിപക്ഷം ചെയ്യേണ്ടത്. പ്രതിഷേധിക്കാനും ജനങ്ങളെ കാര്യങ്ങൾ അറിയിക്കാനും പാർലമെന്റിനു പുറത്തും അവസരങ്ങളുണ്ട്. പക്ഷേ, ജനങ്ങളെ പ്രതിനിധീകരിക്കാനും നിയമനിർമാണത്തിൽ പങ്കെടുക്കാനും പാർലമെന്റിലേ അവസരമുള്ളൂ.
അര നൂറ്റാണ്ടു മുന്പ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയേക്കാളും, നെഹ്റുവിനെ നിരന്തരം അവഹേളിക്കുന്നതിനേക്കാളും പ്രധാനമാണ്, നിലവിലുള്ള സംബാൽ വിഷയവും മണിപ്പുരിന്റെ ദുരവസ്ഥയും, ചർച്ച ചെയ്യാൻപോലും സർക്കാർ ഭയക്കുന്ന അദാനിയെ സംബന്ധിച്ച അഴിമതിയാരോപണവുമൊക്കെ. അധികാരം നിലനിർത്താനും അടുത്ത തെരഞ്ഞെടുപ്പിന് ഒരുങ്ങാനും പാർട്ടി വളർത്താനുമല്ല, ജനക്ഷേമത്തിനും അതിനായുള്ള നിയമനിർമാണത്തിനുമാണ് എംപിമാരെ പാർലമെന്റിലേക്ക് അയച്ചിട്ടുള്ളത്. ജനാധിപത്യത്തിന്റെ ആ ശ്രീകോവിൽ കയറുന്പോഴെങ്കിലും നിങ്ങൾ അതു മറക്കരുത്.