കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അഴിമതിക്കഥകളിൽ പുതിയതാണ് ക്ഷേമപെൻഷൻ കവർച്ച.‘കള്ളനും പോലീസും’ കളിച്ചാൽ പോരാ, കേസ് കോടതിയിലെത്തണം.
കേരളത്തിനു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്തെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നു. അതിൽ മുന്തിയ ശന്പളം വാങ്ങുന്ന ഗസറ്റഡ് ഉദ്യോഗസ്ഥരുമുണ്ട്. വിശ്വസിക്കാതിരിക്കാൻ നിവൃത്തിയില്ല; ധനവകുപ്പ് നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്.
വല്ലപ്പോഴും കിട്ടുന്ന പെൻഷൻകൊണ്ടുമാത്രം ജീവിക്കുന്ന ലക്ഷക്കണക്കിനു പാവങ്ങളുടെ തലയ്ക്കടിച്ചുവീഴ്ത്തിയാണ് ഈ ‘സർക്കാർ കുറുവസംഘം’ ഖജനാവ് കൊള്ളയടിച്ചിരിക്കുന്നത്. അവർ മനസറിഞ്ഞു നടത്തിയ കളവാണെങ്കിൽ ഇനി ജോലിയിൽ ഉണ്ടാകരുത്. അതിനു പകരം, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുമെന്നു മാത്രം പറഞ്ഞാൽ, കൊള്ളയ്ക്കു കൂട്ടുനിൽക്കുകയാണെന്നേ പറയാനാകൂ.
ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ കോളജ് അസിസ്റ്റന്റ് പ്രഫസർമാരുമുണ്ട്. അതിലൊരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജിലും മറ്റൊരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളജിലുമാണ്. മൂന്ന് ഹയർസെക്കൻഡറി അധ്യാപകരും പെൻഷൻ വാങ്ങി. ഇവരൊക്കെ വിദ്യാർഥികളെ എന്താണു പഠിപ്പിക്കുന്നതെന്നാണ് അറിയേണ്ടത്. ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമപെൻഷൻ വാങ്ങുന്നത് - 373 പേർ. 224 പേരുമായി പൊതുവിദ്യാഭ്യാസ വകുപ്പാണ് മോഷണത്തിൽ രണ്ടാം സ്ഥാനത്ത്. മെഡിക്കൽ എഡ്യുക്കേഷൻ, ആയുർവേദം, മൃഗസംരക്ഷണം, പൊതുമരാമത്ത്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഹോമിയോപ്പതി, കൃഷി, റവന്യു, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ്, കൊളീജിയറ്റ് എഡ്യുക്കേഷൻ തുടങ്ങി സകല വകുപ്പുകളിലും അഴിമതി നടത്തി. അതിലും അസഹനീയം, നീതിന്യായ-സാമൂഹിക നീതി വകുപ്പിലെ 34 പേരും ഈ അനീതിയിൽ പങ്കുപറ്റിയെന്നതാണ്.
കൈപ്പറ്റിയ പെൻഷൻ കുറ്റക്കാരിൽനിന്നു പലിശസഹിതം തിരിച്ചുപിടിക്കുമെന്നും അച്ചടക്കനടപടി സ്വീകരിക്കുമെന്നുമാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചത്. അതെങ്ങനെയാണ് ശരിയാകുന്നത്? മോഷണമുതൽ തിരിച്ചുകൊടുത്താൽ കേസില്ലെങ്കിൽ അത് ഈ രാജ്യത്തെ എല്ലാ മോഷ്ടാക്കൾക്കും ഒരുപോലെ ബാധകമാകില്ലേ? അതല്ല, എല്ലാവർക്കും ഒരേ നിയമമാണെങ്കിൽ, തട്ടിപ്പു നടത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയും കേസെടുക്കണം. മാത്രമല്ല, ഇതിനു നടപടിയില്ലെങ്കിൽ, മറ്റുള്ളവർക്കും ഇതു മാതൃകയാകും. പിടിക്കപ്പെട്ടാൽ കൈപ്പറ്റിയ പണം തിരിച്ചുകൊടുത്താൽ മതിയല്ലോ. ചെലവഴിക്കുന്ന ആകെ തുകയുടെ 39 ശതമാനവും ജീവനക്കാരുടെ ശന്പളത്തിനും പെൻഷനുംവേണ്ടി ചെലവഴിക്കുന്ന സംസ്ഥാനമാണിത്.
സംസ്ഥാന സർക്കാരുകളുടെ 2024ലെ ബജറ്റ് വിലയിരുത്തിയ ‘ബിസിനസ് ലൈൻ’ റിപ്പോർട്ട് പറയുന്നത്, കേരളത്തിന്റേത് രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്നാണ്. ഈയിനത്തിൽ ഈ സാമ്പത്തികവര്ഷം നീക്കിവച്ചിരിക്കുന്നത് 68,282 കോടി രൂപയാണ്. ഇതു വാങ്ങുന്ന ജീവനക്കാരിൽ ഒരു വിഭാഗമാണ് ഏറ്റവും ദരിദ്രർക്കു കൊടുത്തുകൊണ്ടിരിക്കുന്ന ക്ഷേമപെൻഷനിൽ കൈയിട്ടുവാരിയത്. കേരളത്തേക്കാൾ വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് പോലും ശന്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നത് കേരളത്തേക്കാൾ കുറഞ്ഞ തുകയാണ്. അതേസമയം, ക്ഷേമപെൻഷൻ സമയത്തു കൊടുക്കാൻ നമുക്കു കഴിയുന്നുമില്ല.
പരിശോധന തുടരുമെന്ന ധനവകുപ്പ് തീരുമാനം നടപ്പിലായാൽ കൂടുതൽപേർ പിടിയിലാകും. സംസ്ഥാന ജീവനക്കാരിൽ വളരെ ചെറിയൊരു ശതമാനമാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നുകൂടി പറയേണ്ടതുണ്ട്. പൂർണമായ പട്ടിക പുറത്തുവിട്ടാല് ഞെട്ടുമെന്ന് ധനമന്ത്രി പറഞ്ഞത്രേ. അതവിടെ നിൽക്കട്ടെ. ഈ സർക്കാരിന്റെ അഴിമതിക്കഥകൾ കേട്ടിട്ടുള്ളവർ അത്ര പെട്ടെന്ന് ഞെട്ടാൻ ഇടയില്ല.
പ്രശ്നം അതല്ല, നികുതി അടയ്ക്കുന്ന ജനം അറിയേണ്ടേ, പണം പോയ വഴികളും കൈയിട്ടുവാരിയ കൈകളും. വെറുതെ തരാൻ പറഞ്ഞാൽ പെൻഷൻ കിട്ടില്ലല്ലോ. അതിനാവശ്യമായ രേഖകൾ കൊടുത്ത തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരിലേക്കും ശിപാർശക്കാരിലേക്കുമൊക്കെ അന്വേഷണം നീളേണ്ടേ? ഏതു പാർട്ടിക്കാരാണെങ്കിലും ഏതു യൂണിയനാണെങ്കിലും വെറുതേ വിടരുത്. അഴിമതിക്കാരെ സംരക്ഷിക്കാൻ അഴിമതിക്കാർക്കേ ബാധ്യതയുള്ളൂ.