എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നതിൽ ആർക്കുമില്ല എതിരഭിപ്രായം. പക്ഷേ, അതിനാവശ്യമായ ആളെ കിട്ടാത്തതിനാൽ ആയിരക്കണക്കിനു മറ്റ് അധ്യാപകരെ ബന്ദികളാക്കരുത്.
ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നതിനുള്ള കോടതി ഉത്തരവുകൾക്കും അതിന്റെ ചുവടുപിടിച്ചുള്ള സർക്കാർ നിർദേശങ്ങൾക്കും പിന്നാലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്.
ഭിന്നശേഷിക്കാർക്ക് നിശ്ചിത ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഉറപ്പാക്കണമെന്ന കോടതിവിധിയെ മാനേജ്മെന്റുകൾ സ്വാഗതം ചെയ്യുകയാണ്. പക്ഷേ, പല വിഷയങ്ങളിലും യോഗ്യരായ അധ്യാപകരെ കിട്ടാനില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, ഭിന്നശേഷി സംവരണം നടപ്പാക്കിയില്ലെങ്കിൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം കൊടുക്കുകയില്ലെന്നതാണ് സർക്കാർ നിലപാട്.
അതായത്, ആളില്ലാത്തതിനാൽ നടത്താനാവാതെ വന്നിരിക്കുന്ന നിയമനങ്ങളുടെ പേരിൽ ആയിരക്കണക്കിനു മറ്റ് അധ്യാപകർക്ക് അർഹമായതു കൊടുക്കാതെ വർഷങ്ങളായി ബന്ദിയാക്കിയിരിക്കുകയാണ്. ഏകദേശം 16,000 അധ്യാപകരാണ് ഇരകളാകുന്നത്.
പ്രതിസന്ധി കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നത് ഉൾപ്പെടെ പ്രശ്നം പരിഹരിക്കാൻ ആവശ്യമായതു ചെയ്യുന്നതിനു പകരം, ഉദ്യോഗസ്ഥരെക്കൊണ്ട് സർക്കുലർ ഇറക്കിച്ചുകൊണ്ടിരുന്നാൽ പ്രശ്നം പരിഹരിക്കാനാവില്ല.
1996 മുതൽ മൂന്നു ശതമാനവും 2017 മുതൽ നാലു ശതമാനവും ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. ഈ സംവരണം നടപ്പാക്കിയില്ലെങ്കിൽ മറ്റ് അധ്യാപകർക്കു സ്ഥിരനിയമനം നടത്താനാവില്ല. അവർ ദിവസവേതനക്കാരായി തുടരേണ്ടിവരും.
ഭിന്നശേഷി സംവരണം പൂർത്തിയാക്കുമ്പോൾ ഇവർക്കു മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമന അംഗീകാരം നൽകുമെന്നാണു സർക്കാർ വ്യക്തമാക്കിയിരുന്നത്. പക്ഷേ, പലതവണ പത്രപ്പരസ്യങ്ങൾ കൊടുത്തിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരെ പല വിഷയത്തിലും കിട്ടാത്തതിനാൽ സംവരണത്തിന്റെ ശതമാനം പല സ്കൂളുകൾക്കും പൂർത്തിയാക്കാനായിട്ടില്ല.
ഇതു സർക്കാരിനുമറിയാം. ഉത്തരവുകളനുസരിച്ച് ഭിന്നശേഷി സംവരണം പാലിച്ചിട്ടില്ലെങ്കിൽ 2021 നവംബർ എട്ടിനു ശേഷമുള്ള നിയമനങ്ങളും അതിനു മുന്പുള്ള തസ്തികയാണെങ്കിൽ പോലും, സ്ഥിരനിയമനം നൽകിയത് ഈ തീയതിക്കു ശേഷമാണെങ്കിൽ അതും താത്കാലിക നിയമനമായേ അംഗീകരിക്കൂ. സംവരണം പൂർത്തിയാക്കുവോളം മറ്റ് അധ്യാപകർ ഭാവിയെക്കുറിച്ച് യാതൊരുറപ്പുമില്ലാത്ത ദിവസക്കൂലിക്കാരായി പണിയെടുക്കണം.
എത്ര കാലമെന്നതിന് യാതൊരുറപ്പുമില്ല. ഇത്രയും അധ്യാപകർക്ക് ഉയർന്ന ശന്പളമോ ആനുകൂല്യങ്ങളോ ശന്പളത്തോടെയുള്ള അവധിയോ ഒന്നും കൊടുക്കേണ്ടതില്ലാത്തതിനാൽ സർക്കാരിനതു ലാഭമായിരിക്കാം; പക്ഷേ, അനീതിയാണ്. മാത്രമല്ല, ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ സ്ഥിരനിയമനമെന്ന അവകാശം കോടതിയിൽപോലും അധ്യാപകർക്ക് ഉന്നയിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തെ 14,205 സ്കൂളുകളിൽ 5,995 എണ്ണം സർക്കാർ സ്കൂളുകളും 8,210 എണ്ണം എയ്ഡഡുമാണ്. അതിൽനിന്നറിയാം, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ എയ്ഡസ് സ്കൂളുകളുടെ പങ്ക്. സർക്കാർ സ്കൂളുകളുടെയും എയ്ഡഡ് സ്കൂളുകളുടെയും നിലവാരമോ സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ സ്ഥിരനിയമന മാനദണ്ഡങ്ങളോ ഒന്നും താരതമ്യപ്പെടുത്തുന്നില്ല.
ഇത്രയും എയ്ഡഡ് സ്കൂളുകളെയും അതിലെ ആയിരക്കണക്കിന് അധ്യാപകരെയും ബാധിക്കുന്ന കാര്യമാണ് പരിഹാരമില്ലാതെ നീണ്ടുപോകുന്നതെന്നു മാത്രമാണ് ഓർമിപ്പിക്കുന്നത്.
ഇക്കാര്യത്തിൽ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിൽ സാങ്കേതികത്വമുണ്ട്; യാഥാർഥ്യബോധമില്ല. “കോടതിയുടെ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ, ഹൈക്കോടതി വിധിന്യായങ്ങൾക്കു വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസലുകൾ തിരികെ നൽകാനും അവ കോടതിയുത്തരവ് പാലിച്ചു സമർപ്പിക്കുമ്പോൾ അംഗീകാരം നൽകാനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകുക മാത്രമാണു ചെയ്തത്.” ഹൈക്കോടതി വിധിയെ ആരും മനഃപൂർവം അട്ടിമറിക്കുന്നില്ലെന്നും ഭിന്നശേഷിക്കാരായ അധ്യാപകരെ സംഘടിപ്പിച്ചു കൊടുക്കാൻ സർക്കാരിനും കഴിയുന്നില്ലെന്നും അദ്ദേഹം തിരിച്ചറിയേണ്ടതല്ലേ?
എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അഴിമതിക്കാരാണെന്നോ കോടതിവിധി നടപ്പാക്കുന്നില്ലെന്നോ ഭിന്നശേഷിക്കാരുടെ നിയമനത്തിന് എതിരാണെന്നോ ഉള്ള തെറ്റിദ്ധാരണ പരത്തരുത്.
എയ്ഡഡ് സ്കൂളുകൾ സാന്പത്തികലാഭം ഉണ്ടാക്കുകയാണോ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുകയാണോ ചെയ്യുന്നതെന്ന് സർക്കാർ അന്വേഷിക്കട്ടെ. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അപ്പാടെ നടത്തിക്കൊണ്ടുപോകാൻ സർക്കാരിനു സാധിക്കാത്തതിനാലാണല്ലോ എയ്ഡഡ് മേഖലയെ അതിന് അനുവദിച്ചത്.
സർക്കാർ സ്കൂളുകളേക്കാൾ മികച്ച രീതിയിൽ അവ മുന്നോട്ടു പോകുന്നുണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഭിന്നശേഷി സംവരണം പാലിക്കപ്പെടേണ്ടതാണ്. പക്ഷേ, എയ്ഡഡ് സ്കൂളുകളിലെ 16,000 അധ്യാപകരെ നാസി ലേബർ ക്യാന്പുകളിലെന്നപോലെ പ്രതീക്ഷയില്ലാത്ത മനുഷ്യരാക്കി നിർത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്.
യാന്ത്രികമായ ഉത്തരവുകളാലല്ല, അവയുടെ ഇരകളെ തിരിച്ചറിയുന്ന സംവേദനക്ഷമതയാലാണ് ജനാധിപത്യ സർക്കാരുകൾ തിരിച്ചറിയപ്പെടേണ്ടത്.