കോഹ്ലി, രോഹിത് കളിമാറണം...
Wednesday, October 30, 2024 10:03 PM IST
21-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഒരു സന്ദർശക ടീമിന്റെ ബാറ്റർ ടോപ് സ്കോറർ സ്ഥാനത്ത് എത്തുക എന്നത് വളരെ വിരളമാണ്. അത്തരമൊരു സന്ദർഭത്തിലേക്കാണോ ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റ് പരന്പര ചെന്നെത്തുക എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ഏറ്റവും വലിയ ചോദ്യം.
ആദ്യ രണ്ടു ടെസ്റ്റിലും ജയിച്ച് ന്യൂസിലൻഡ് പരന്പര സ്വന്തമാക്കിക്കഴിഞ്ഞു. അതും ഇന്ത്യയിൽ ഒരു ടീം 2012നുശേഷം പരന്പര നേടുന്നത് ഇതാദ്യം. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനു നാളെ മുംബൈയിൽ ടോസ്.
മുംബൈ വാങ്കഡേയിൽ മൂന്നാം ടെസ്റ്റ് അരങ്ങേറുന്പോൾ തലമുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരിൽ നിന്ന് മികച്ച ഇന്നിംഗ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നു. ബംഗളൂരുവിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇരുവരും അർധസെഞ്ചുറി നേടിയതൊഴിച്ചാൽ തികഞ്ഞ പരാജയമായിരുന്നു.
മറുവശത്ത് ന്യൂസിലൻഡിന്റെ മുൻനിര ബാറ്റർമാർ മികച്ചു നിൽക്കുകയും ചെയ്തു. രോഹിത്തിന്റെയും കോഹ്ലിയുടെയും ഫോം ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമാണെന്നു ചുരുക്കം.
ടോപ് സ്കോററിലേക്ക് രചിൻ
ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ പരന്പരയ്ക്കെത്തിയ സന്ദർശക ടീമുകളുടെ കളിക്കാർ ടോപ് സ്കോററായത് ഇതുവരെ അഞ്ചു തവണ മാത്രം. എന്നാൽ, അതിൽ ഒരു പ്രാവശ്യം മാത്രമായിരുന്നു ഇന്ത്യ പരന്പര പരാജയപ്പെട്ടതെന്നതും ശ്രദ്ധേയം.
2012ൽ ഇംഗ്ലണ്ടിന്റെ അലിസ്റ്റർ കുക്ക്, 2016-17ൽ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, 2009-10ൽ ദക്ഷിണാഫ്രിക്കയുടെ ഹഷിം അംല, 2000ൽ സിംബാബ്വെയുടെ ആൻഡി ഫ്ളവർ, 2000-01ൽ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡൻ എന്നിവരായിരുന്നു ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ ടെസ്റ്റ് പരന്പരകളിൽ ടോപ് സ്കോറർമാരായ സന്ദർശക ടീം അംഗങ്ങൾ.
ഇവരുടെ പാതപിന്തുടർന്ന് ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്രയും ടോപ് സ്കോററിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. ഇന്ത്യ x ന്യൂസിലൻഡ് മൂന്നു മത്സര പരന്പരയിൽ നാല് ഇന്നിംഗ്സിൽനിന്ന് 247 റണ്‍സ് നേടിയ രചിൻ രവീന്ദ്രയാണ് നിലവിൽ ടോപ് സ്കോറർ സ്ഥാനത്ത്. രണ്ടാം സ്ഥാനത്തും ന്യൂസിലൻഡ് കളിക്കാരനാണ്, 201 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെ.
ടോപ് 5 ദയനീയം
ന്യൂസിലൻഡിന് എതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യയുടെ അഞ്ചു മുൻനിര ബാറ്റർമാർ ചേർന്നു നേടിയത് വെറും 508 റണ്‍സ് മാത്രമാണ്. ബംഗളൂരുവിൽ രണ്ടാം ഇന്നിംഗ്സിൽ സർഫറാസ് ഖാൻ നേടിയ 150 റണ്‍സാണ് ഉയർന്ന സ്കോർ. ബംഗളൂരു ടെസ്റ്റിൽ തന്റെ പതിവ് സ്ഥാനം അല്ലാതെ മുന്നോട്ടു കയറി നാലാം നന്പറിലായിരുന്നു സർഫറാസ് ബാറ്റ് ചലിപ്പിച്ചത്.
സർഫറാസിന്റെ ആ ഇന്നിംഗ്സ് ഉണ്ടായിട്ടുകൂടി ന്യൂസിലൻഡിനെതിരായ ആദ്യ രണ്ടു ടെസ്റ്റിൽ ഇന്ത്യൻ ടോപ് ഫൈവ് ബാറ്റർമാരുടെ ശരാശരി 31.75 മാത്രം. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും മാത്രമാണ് ആദ്യ രണ്ടു ടെസ്റ്റിലായി ഇന്ത്യയുടെ അഞ്ചു മുൻനിര ബാറ്റർമാർ നേടിയതെന്നതും ദയനീയം. സർഫറാസിന്റെ 150 മാറ്റിനിർത്തിയാൽ ആദ്യ രണ്ടു ടെസ്റ്റിൽ ഇന്ത്യൻ ടോപ് ഫൈവ് ബാറ്റർമാരുടെ ശരാശരി 23.87ലേക്കു പതിക്കും.
രചിൻ രവീന്ദ്രയുടെ നേതൃത്വത്തിലാണ് ന്യൂസിലൻഡ് ഇന്ത്യയിൽ റണ്‍വേട്ട നടത്തുന്നത്. ആദ്യ രണ്ടു ടെസ്റ്റിൽനിന്നായി ന്യൂസിലൻഡിന്റെ ടോപ് ഫോർ ബാറ്റർമാർ 49.00 ശരാശരിയിൽ 686 റണ്‍സ് നേടി. ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്.
രചിൻ രവീന്ദ്രയുടെ ബംഗളൂരുവിലെ സെഞ്ചുറി മാറ്റിനിർത്തിയാലും ന്യൂസിലൻഡിന്റെ നാലു മുൻനിര ബാറ്റർമാരുടെ ശരാശരി 37 ആണ്. കാരണം, ഓപ്പണർ ഡെവോണ്‍ കോണ്‍വെയ്ക്ക് രണ്ട് അർധസെഞ്ചുറിയുണ്ട്. പൂനയിൽ രണ്ടാം ഇന്നിംഗ്സിൽ ടോം ലാഥത്തിന്റെ ഡിഫെൻവീസ് ബാറ്റിംഗ് ഹൈ ക്ലാസ് ആയിരുന്നു.
കെയ്ൻ വില്യംസനും പകരമെത്തിയ വിൽ യംഗ് മാത്രമാണ് ന്യൂസിലൻഡിന്റെ ടോപ് ഫോറിൽ അല്പമെങ്കിലും പിന്നോട്ടു പോയത്. എന്നാൽ, ആദ്യ രണ്ടു ടെസ്റ്റിൽ നിന്ന് 222 പന്ത് യംഗ് നേരിട്ടു.
ഇന്ത്യയുടെ ടോപ് ഫോറിൽ യശസ്വി ജയ്സ്വാൾ മാത്രമാണ് യംഗിനേക്കാൾ കൂടുതൽ പന്ത് നേരിട്ടത്. ന്യൂസിലൻഡ് ടോപ് ഫോറിനെ പരിഗണിച്ചാൽ ടോം ലാഥം (210) മാത്രമാണ് യംഗിനേക്കാൾ കുറവ് പന്ത് നേരിട്ടതെന്നതും ശ്രദ്ധേയം.
രോഹിത്, കോഹ്ലി
ടോപ് ഓർഡർ ബാറ്റർമാരുടെ റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റിൽ സ്കോർ ബോർഡിനെ തിളക്കമുള്ളതാക്കുന്നതെന്നതാണ് യാഥാർഥ്യം. ടോപ് ഫോറിനുള്ളിൽ കളിക്കുന്ന രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരിൽനിന്ന് ഇന്ത്യ ആഗ്രഹിക്കുന്നതും ഇതുതന്നെ.
മുംബൈയിൽ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ രോഹിത്, കോഹ്ലി എന്നിവർനിന്ന് ഇന്ത്യ സെഞ്ചുറി പ്രതീക്ഷിക്കുന്നു. പൂനയിലെ തോൽവിയോടെ തുടർച്ചായയ 18 പരന്പര ജയം എന്ന തിളക്കമാണ് ഇന്ത്യക്കു കൈമോശം വന്നിരിക്കുന്നത്.
രോഹിത്, കോഹ്ലി എന്നിവരുടെ ബാറ്റിൽനിന്നാണ് ഇന്ത്യൻ ഇന്നിംഗ്സ് കെട്ടുറപ്പിലെത്തേണ്ടത്. ന്യൂസിലൻഡിനെതിരായ പരന്പരയ്ക്കുശേഷം ഓസ്ട്രേലിയൻ പര്യടനത്തിനാണ് ഇന്ത്യ തയാറെടുക്കുന്നത്.
നവംബർ 22 മുതൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനു മുന്‍പ് ഫോം വീണ്ടെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തിനും മുൻ ക്യാപ്റ്റൻ കോഹ്ലിക്കുമുള്ള അവസാന അവസരമാണ് നാളെ തുടങ്ങുന്ന മുംബൈ ടെസ്റ്റ്.
രോഹിത്തിന്റെ ക്യാപ്റ്റൻസി
ടെസ്റ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള ആശങ്കകൾക്കും ന്യൂസിലൻഡിനെതിരായ പരന്പര തുടക്കം കുറിച്ചിരിക്കുകയാണ്.
രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 20-ാം ടെസ്റ്റ് മത്സരമായിരുന്നു ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരം. 12 ജയം, ആറു തോൽവി, രണ്ടു സമനില എന്നിങ്ങനെയാണ് രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രകടനം. 15 ഹോം മത്സരങ്ങളിൽ നാലാം തോൽവിയാണ് ഇന്ത്യ പൂനയിൽ വഴങ്ങിയത്. അതായത് ഹോം മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തോൽവി എന്നതിൽ നിലവിൽ രണ്ടാം സ്ഥാനം പങ്കിടുന്നു രോഹിത്.
വിരാട് കോഹ്ലിയുടെ സ്ഥാനം തെറിച്ചപ്പോഴാണ് രോഹിത് നേതൃത്വത്തിലേക്ക് എത്തിയത്. കോഹ്ലിയുടെ നേതൃത്വത്തിൽ 31 മത്സരങ്ങളിൽ രണ്ടു തോൽവി മാത്രമേ ഇന്ത്യ സ്വന്തം മണ്ണിൽ വഴങ്ങിയുള്ളൂ എന്നതും ശ്രദ്ധേയം.
രോഹിത് @ 2024
ടെസ്റ്റ് ക്രിക്കറ്റ്
മത്സരം: 10
ഇന്നിംഗ്സ്: 19
റണ്‍സ്: 559
100/50: 2/2
കോഹ്ലി @ 2024
ടെസ്റ്റ് ക്രിക്കറ്റ്
മത്സരം: 05
ഇന്നിംഗ്സ്: 10
റണ്‍സ്: 245
100/50: 0/1