കാണ്‍പുർ: ലീഡ് ലക്ഷ്യമാക്കി പറന്നുയരുകയായിരുന്ന കിവീസിന്റെ ചിറകരിഞ്ഞ് ഇന്ത്യൻ സ്പിന്നർമാർ. അക്സർ പട്ടേൽ അഞ്ച് വിക്കറ്റ് പ്രകടനവുമായി സ്പിൻ ആക്രമണം നയിച്ചപ്പോൾ ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് 296ന് പുറത്ത്. അതോടെ ഇന്ത്യക്ക് 49 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാംദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റണ്‍സ് എന്ന നിലയിലാണ്. ശുഭ്മാൻ ഗില്ലിന്റെ (1) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മായങ്ക് അഗർവാൾ (4), ചേതേശ്വർ പൂജാര (9) എന്നിവർ ക്രീസിലുണ്ട്.
അഞ്ചാം അഞ്ച്...
ഇടംകൈ സ്പിന്നറായ അക്സർ പട്ടേലിനിത് അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടം. നാലാം ടെസ്റ്റിൽനിന്ന് ഏഴാം ഇന്നിംഗ്സിലാണ് അക്സർ ഈ സ്വപ്നനേട്ടം കൈവരിച്ചത്. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അക്സർ. കാണ്‍പുരിലെ പിച്ചിൽ പന്ത് സമയം വൈകുന്തോറും ബൗണ്‍സ് കുറഞ്ഞുവന്നത് അക്സർ ശരിക്കും മുതലാക്കുകയായിരുന്നു. 62 റണ്‍സ് വഴങ്ങിയാണ് അക്സറിന്റെ അഞ്ച് വിക്കറ്റ് നേട്ടം.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 345ന് എതിരേ വിക്കറ്റ് നഷ്ടപ്പെടാതെ 129 എന്ന നിലയിലാണ് മൂന്നാംദിനമായ ഇന്നലെ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. കിവീസ് ഓപ്പണർമാരായ ടോം ലാഥവും (95) വിൽ യംഗും (89) കൂട്ടുകെട്ട് 150 കടത്തി. സ്കോർ 151ൽ നിൽക്കുന്പോൾ ആർ. അശ്വിന്റെ പന്തിൽ പകരക്കാരൻ വിക്കറ്റ് കീപ്പറായ കെ.എസ്. ഭരതിന്റെ ഉജ്വല ക്യാച്ചിൽ യോംഗ് പുറത്ത്. അന്പയർ ആദ്യം ഒൗട്ട് അനുവദിച്ചില്ലെങ്കിലും ഡിആർഎസ് എടുക്കാൻ ഭരത് ആവശ്യപ്പെടുകയായിരുന്നു.
തുടർന്നങ്ങോട്ട് അക്സർ പട്ടേലിന്റെ കടന്നാക്രമണമായിരുന്നു. റോസ് ടെയ്ലൻ, നിക്കോൾസ്, ലാഥം, ബ്ലൻഡെൽ എന്നിവരുടെ നിർണായക വിക്കറ്റ് അക്സർ സ്വന്തമാക്കി. ആർ. അശ്വിൻ മൂന്നും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. അതോടെ ഇന്നിംഗ്സിൽ ഇന്ത്യൻ സ്പിന്നർമാരുടെ വിക്കറ്റ് നേട്ടം ഒന്‍പതായി.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 345.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ടോം ലാഥം സ്റ്റംപ്ഡ് ഭരത് ബി അക്സർ 95, വിൽ യംഗ് സി ഭരത് ബി അശ്വിൻ 89, വില്യംസണ് എൽബിഡബ്ല്യു ബി ഉമേഷ് 18, ടെയ്ലർ സി ഭരത് ബി അക്സർ 11, നിക്കോൾസ് എൽബിഡബ്ല്യു ബി അക്സർ 2, ബ്ലൻഡെൽ ബി അക്സർ 13, രചിൻ ബി ജഡേജ 13, ജെമിസണ്‍ സി അക്സർ ബി അശ്വിൻ 23, സൗത്തി ബി അക്സർ 5, സോമർവില്ലെ ബി അശ്വിൻ 6, അജാസ് നോട്ടൗട്ട് 5, എക്സ്ട്രാസ് 16, ആകെ 142.3 ഓവറിൽ 296.
വിക്കറ്റ് വീഴ്ച: 151/1, 197/2, 214/3, 218/4, 227/5, 241/6, 258/7, 270/8, 284/9, 296/10.
ബൗളിംഗ്: ഇഷാന്ത് 15-5-35-0, ഉമേഷ് 18-3-50-1, അശ്വിൻ 42.3-10-82-3, ജഡേജ 33-10-57-1, അക്സർ 34-6-62-5.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: മായങ്ക് നോട്ടൗട്ട് 4, ഗിൽ ബി ജെമിസണ്‍ 1, പൂജാര നോട്ടൗട്ട് 9, 5 ഓവറിൽ 14/1.
വിക്കറ്റ് വീഴ്ച: 2/1.
ബൗളിംഗ്: സൗത്തി 2-1-2-0, ജെമിസണ്‍ 2-0-8-1, അജാസ് 1-0-4-0.
അക്സർ ഭായ്
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ ഇയറിൽ ഇന്ത്യയിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ഇടംകൈ സ്പിന്നറാണ് അക്സർ രാജേഷ്ഭായ് പട്ടേൽ. വേഗത്തിൽ അഞ്ച് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യക്കാരിൽ ഒന്നാമനുമായി അക്സർ. റോഡ്നി ഹോഗ് (ആറ് ഇന്നിംഗ്സിൽനിന്ന്) ആണ് ലോകത്തിൽ ഒന്നാം സ്ഥാനത്ത്. അക്സറിന്റെ അഞ്ച് അഞ്ച് വിക്കറ്റ് നേട്ടം ഏഴാം ഇന്നിംഗ്സിലാണ്. ചാർലി ടർണർ, ടോം റിച്ചാർഡ്സണ് എന്നിവരും ഏഴ് ഇന്നിംഗ്സിൽ അഞ്ച് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.