2011: വാൽത്താട്ടി 120*
Thursday, April 25, 2024 2:19 AM IST
ആളിക്കത്തിയശേഷം കെട്ടുപോയ താരമാണ് പോൾ വാൽത്താട്ടി. ഐപിഎൽ ആരാധകർ മറക്കാത്ത പേരുകളിൽ ഒന്ന്. 2011 ഐപിഎൽ സീസണിലായിരുന്നു പോൾ വാൽത്താട്ടിയുടെ ബാറ്റിംഗ് സ്ഫോടനം ആരാധകർ കണ്ടത്.
പഞ്ചാബിനുവേണ്ടി 2011 സീസണിൽ 14 മത്സങ്ങളിൽനിന്ന് രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പെടെ 463 റണ്‍സ് വാൽത്താട്ടി നേടി.
2011 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ പോൾ വാൽത്താട്ടി 63 പന്തിൽ പുറത്താകാതെ നേടിയ 120 റണ്‍സായിരുന്നു ചേസിംഗിനിടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ. 2024 സീസണിൽ ചെന്നൈക്കെതിരേ ലക്നോയുടെ മാർക്കസ് സ്റ്റോയിൻസ് 124 നോട്ടൗട്ടുമായി ആ റിക്കാർഡ് തകർത്തു.
2009 മുതൽ 2013വരെയുള്ള നാല് സീസണ്‍കൊണ്ട് കരിയർ അവസാനിച്ച കളിക്കാരനാണ് വാൽത്താട്ടി. 2013 സീസണിൽ ഒരു ഐപിഎൽ മത്സരം മാത്രമാണ് കളിച്ചത്. 2014 സീസണിൽ ലേലത്തിൽ എടുക്കാൻ ടീമുകൾ തയാറായില്ല. എയർ ഇന്ത്യയിൽ സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചിരുന്നു. എയർ ഇന്ത്യക്കു വേണ്ടി മാത്രമായി വാൽത്താട്ടിയുടെ ക്രിക്കറ്റ് ജീവിതം ഒതുങ്ങി.