ലോകറിക്കാർഡ് എട്ടാം വട്ടം
Sunday, April 21, 2024 1:35 AM IST
സിയാമെൻ (ചൈന): ലോക റിക്കാർഡ് തിരുത്തുന്നത് ഹോബിയാക്കിയ സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലാന്റിസ് വീണ്ടും പുതിയ ഉയരം കീഴടക്കി. പുരുഷ പോൾവോൾട്ടിൽ എട്ടാം തവണയും ലോക റിക്കാർഡ് തിരുത്തി ഡുപ്ലാന്റിസ്.
2024 സീസണിലെ ആദ്യ ഡയമണ്ട് ലീഗിലാണ് ഡുപ്ലാന്റിസ് തന്റെതന്നെ റിക്കാർഡ് വീണ്ടും തിരുത്തിയത്. സിയാമെൻ ഡയമണ്ട് ലീഗിൽ 6.24 മീറ്ററാണ് ഇതുപത്തിമൂന്നുകാരനായ ഡുപ്ലാന്റിസ് കുറിച്ചു. 2023 സെപ്റ്റംബറിൽ യൂജിൻ ഡയമണ്ട് ലീഗിൽ കുറിച്ച 6.23 മീറ്ററാണ് ഡുപ്ലാന്റിസ് തിരുത്തിയത്.
23 വയസിനിടെ എട്ട് തവണ ലോക റിക്കാർഡ് തിരുത്തിയെന്നതാണ് ഡുപ്ലാന്റിസിന്റെ പ്രത്യേകത. 2020 ഫെബ്രുവരിയിൽ 6.17 മീറ്റർ ക്ലിയർ ചെയ്താണ് ഡുപ്ലാന്റിസ് ആദ്യമായി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്. 2014ൽ ഫ്രഞ്ച് താരം റെനൗഡ് ലാവിൽനെയുടെ പേരിലുണ്ടായിരുന്ന 6.16 മീറ്ററായിരുന്നു അതുവരെയുള്ള റിക്കാർഡ്.
പുരുഷ വിഭാഗം പോൾവോൾട്ടിൽ ഇൻഡോർ, ഔട്ട്ഡോർ വിഭാഗത്തിൽ നിലവിലെ ലോകറിക്കാർഡുകാരനായ ഡുപ്ലാന്റിസ് നിലവിലെ ഒളിന്പിക് ചാന്പ്യനാണ്. 2024 പാരീസ് ഒളിന്പിക്സിൽ സ്വർണം ഉറപ്പിച്ച് ഫീൽഡിൽ ഇറങ്ങുന്ന അപൂർവ താരങ്ങളിൽ ഒരാളുമാണ് ഡുപ്ലാന്റിസ്.
ഇൻഡോർ പോൾപോൾട്ടിൽ 6.22 മീറ്റർ ഉയരം ഡുപ്ലാന്റിസ് കീഴടക്കിയിട്ടുണ്ട്. 2022 യൂജിൻ, 2023 ബുഡാപെസ്റ്റ് ലോക ചാന്പ്യൻഷിപ്പുകളിലും ഈ യുവാവിന് എതിരില്ലായിരുന്നു. 2021 മുതൽ ഡയമണ്ട് ലീഗിൽ സ്വർണ ജേതാവാണ്.
ടോക്കിയോ ഒളിന്പിക്സിൽ 6.02 മീറ്റർ ക്ലിയർ ചെയ്തായിരുന്നു സ്വീഡിഷ് താരം സ്വർണത്തിൽ മുത്തംവച്ചത്. 6.19 മീറ്റർ ക്ലിയർ ചെയ്യാൻ നടത്തിയ മൂന്ന് ശ്രമവും പരാജയപ്പെട്ടു. ടോക്കിയോയിൽ വെള്ളിയും വെങ്കലവും നേടിയ താരങ്ങൾക്ക് ആറ് മീറ്റർ ക്ലിയർ ചെയ്യാൻ സാധിച്ചില്ല എന്നതും ശ്രദ്ധേയം. അതുപോലെ സിയാമെൻ ഡയമണ്ട് ലീഗിലും ഡുപ്ലാന്റിസ് മാത്രമേ ആറ് മീറ്റർ ക്ലിയർ ചെയ്തുള്ളൂ.