ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
Wednesday, April 24, 2024 1:20 AM IST
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളർ (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ഗോട്ട്) ഹരിയാനക്കാരനായ യുസ്വേന്ദ്ര ചാഹൽ ആണോ? ലെഗ് സ്പിന്നറായ ചാഹലിനെ ഐപിഎല്ലിലെ ഗോട്ട് ആയി പരിഗണിക്കുന്നവർ ഏറെയുണ്ട്. ചാഹൽ ഗോട്ടിന്റെ പരിസരത്തുപോലുമില്ലെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
എന്നാൽ, ഗോട്ട് നിർണയത്തിനുള്ള അളവുകോൽ എന്താണെന്ന് ഇതുവരെ നിഷ്കർഷിച്ചിട്ടില്ലെന്നതിനാൽ ഐപിഎൽ ബൗളർമാരിൽ എക്കാലത്തെയും മികച്ച താരമായി ചാഹലിനെ വിശേഷിപ്പിക്കാം. കാരണം, ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് തികച്ച ഏക ബൗളറാണ് ചാഹൽ. രാജസ്ഥാൻ റോയൽസിനുവേണ്ടി കളിക്കുന്ന ചാഹൽ മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിലാണ് ഐപിഎല്ലിൽ 200 വിക്കറ്റ് പൂർത്തിയാക്കിയത്.
153 മത്സരങ്ങളിൽനിന്ന് 7.73 ഇക്കോണമിയിലാണ് ചാഹലിന്റെ 200 ഐപിഎൽ വിക്കറ്റ്. 5/40 ആണ് മികച്ച ബൗളിംഗ് പ്രകടനം. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോൾ ആറു തവണ നാല് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.
ധോണിയുടെ ‘തില്ലി’
എം.എസ്. ധോണി ചാഹലിനെ പതിവായി വിളിക്കുന്നത് ‘തില്ലി’ എന്നാണ്. യുസി എന്നും ചാഹൽ അറിയപ്പെടാറുണ്ട്. ചാഹലിന്റെ മെലിഞ്ഞുണങ്ങിയതും അധികം ഉയരമില്ലാത്തതുമായ ശരീരപ്രകൃതമാണ് തില്ലി എന്ന പേരുവീഴാൻ കാരണം.
തില്ലി എന്നത് ഹിന്ദി പദമാണ്. തീപ്പെട്ടിക്കൊള്ളിയെയാണ് തില്ലി എന്നു വിളിക്കാറുള്ളത്.
തില്ലി എന്ന തന്റെ ഇരട്ടപ്പേര് പൊതുയിടങ്ങളിൽ പരാമർശിക്കാനോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനോ ചാഹലിന് മടിയില്ല. വിക്കറ്റിനു പിന്നിൽനിന്ന് തില്ലി എന്ന വിളി മിസ് ചെയ്യുന്നു എന്ന് ധോണി വിരമിച്ചശേഷം അദ്ദേഹത്തിന്റെ ഒപ്പമുള്ള ചിത്രം പങ്കുവച്ച് ചാഹൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
തുടക്കം മുംബൈയിൽ
2013ൽ മുംബൈ ഇന്ത്യൻസിനുവേണ്ടിയാണ് ചാഹലിന്റെ ഐപിഎൽ അരങ്ങേറ്റം. സഹകളിക്കാരുടെ ക്രൂരമായ റാഗിംഗ് അനുഭവിക്കേണ്ടിവന്നിട്ടുണ്ട് ചാഹലിന്.
മുംബൈ ഇന്ത്യൻസിൽ ആയിരുന്നപ്പോൾ മദ്യപിച്ചെത്തിയ സഹകളിക്കാർ തന്നെ ഹോട്ടലിന്റെ 15-ാം നിലയിലെ ജനാലവഴി പുറത്തേക്ക് തൂക്കിപ്പിടിച്ചെന്ന് ചാഹൽ വെളിപ്പെടുത്തിയിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ഓസ്ട്രേലിയൻ മുൻതാരങ്ങളായ ആൻഡ്രു സൈമണ്ട്സും ജയിംസ് ഫ്രാങ്ക്ളിനും തന്നെ റൂമിൽ കെട്ടിയിട്ട് മറന്നുപോയെന്നും ഒരുദിവസം അവിടെ കഴിയേണ്ടിവന്നെന്നും ചാഹൽ വെളിപ്പെടുത്തിയിട്ടുണ്ട്.
മുംബൈയിൽനിന്ന് ചാഹൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലെത്തി. 2014 മുതൽ 2021വരെ ആർസിക്ക് ഒപ്പമായിരുന്നു. 2022 മുതൽ രാജസ്ഥാൻ റോയൽസിലാണ്. 2024 സീസണിൽ എട്ട് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റ് ഇതുവരെ വീഴ്ത്തിയിട്ടുണ്ട്.