ഒലയുടെ ഏറ്റവും വില കുറഞ്ഞ സ്കൂട്ടർ ഓല ഗിഗ് നിരത്തിൽ
Sunday, May 4, 2025 12:20 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡായ ഓല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും വിലക്കുറഞ്ഞ സ്കൂട്ടർ നിരത്തിലിറങ്ങി. ഓല ഗിഗ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് വെറും 39,999 രൂപ മാത്ര വിലയുള്ളൂ. മാത്രവുമല്ല, ഒറ്റ ചാർജിൽ 112 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.
ഓല ഗിഗ് ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറാണ്. അതുകൊണ്ടുതന്നെ ഇത് ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. മണിക്കൂറിൽ 25 കിലോമീറ്റർ വേഗമുള്ള ഈ വാഹനം നഗരയാത്രകൾക്കും ചെറിയ യാത്രകൾക്കും മികച്ചതാണ്. വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും ഒരേപോലെ ഉപയോഗിക്കാൻ പറ്റിയ രീതിയിലാണ് ഓല ഗിഗ് നിർമിച്ചിരിക്കുന്നത്.
ഫുഡ് ഡെലിവറി പോലുള്ള ജോലികൾ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഓല വാഹനം വിപണിയിലിറക്കിയിരിക്കുന്നത്.
പ്രകടനത്തിൽ മികച്ചത്
വിലക്കുറവാണെങ്കിലും ഗിഗിന്റെ പ്രകടനത്തിൽ ഒട്ടും കുറവ് വരുത്തിയിട്ടില്ല ഓല. 1.5 കിലോവാട്ട് ലിഥിയം-അയണ്‍ ബാറ്ററിയും 250 വാട്ട് മോട്ടറുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പോർട്ടബിൾ ബാറ്ററിയോട് കൂടിയതും അതിവേഗ ചാർജിംഗ് സൗകര്യമുള്ളതുമാണ് ഗിഗ്.
ഡിജിറ്റൽ ഡിസ്പ്ലേ, ആന്റി-തെഫ്റ്റ് അലാറം, പുഷ് ബട്ടണ്‍ സ്റ്റാർട്ട്, മൊബൈൽ ചാർജിംഗ് പോർട്ട്, ലഗേജ് ട്രേ എന്നിവ ഓല സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 ഇഞ്ച് ചക്രങ്ങളും ഡ്രം ബ്രേക്കുകളുമാണ് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. ടെലിസ്കോപിക് സസ്പെൻഷനും പിന്നിൽ സാധനങ്ങൾ വയ്ക്കാനുള്ള സൗകര്യവും ഓല ഗിഗിനുണ്ട്.
ഗിഗ് കൂടാതെ കൂടിയ മോഡലുകളായ ഗിഗ് പ്ലേസ്, എസ് 1 ഇസഡ്, എസ് 1 ഇസഡ് പ്ലേസ് എന്നിവയും ലഭ്യമാണ്.