മൂല്യത്തിൽ മുന്നിൽ മൈക്രോസോഫ്റ്റ്
Sunday, May 4, 2025 12:20 AM IST
റെഡ്മണ്ട്: ലോകത്തെ ഏറ്റവും മൂല്യമേറിയ കന്പനിയെന്ന പദവി മൈക്രോസോഫ്റ്റ് ഈയാഴ്ച തിരിച്ചുപിടിച്ചു. നീണ്ടകാലം ഈ സ്ഥാനത്തു നിന്ന ആപ്പിളിനെയാണ് മൈക്രോസോഫ്റ്റ് മറികടന്നത്.
വെള്ളിയാഴ്ച മാർക്കറ്റ് ക്ലോസ് ചെയ്തപ്പോൾ മൈക്രോസോഫ്റ്റിന്റെ മൂല്യം 3.235 ട്രില്യണ്‍ ഡോളറായി. 3.07 ട്രില്യണ്‍ ഡോളറാണ് ആപ്പിളിന്റെ വിപണിമൂല്യം. 2.76 ട്രില്യണ്‍ ഡോളറുമായി എൻവിഡിയയാണ് മൂന്നാമത്.
മാർച്ച് പാദത്തിലെ മികച്ച സാന്പത്തിക ഫലങ്ങൾ വിപണി വിശകലന വിദഗ്ധരുടെ പ്രവചനങ്ങളെ മറികടന്നതിനെത്തുടർന്ന് വ്യാഴാഴ്ച മൈക്രോസോഫ്റ്റിന്റെ ഓഹരി വിലകളിലുണ്ടായ വൻ കുതിച്ചുചാട്ടമാണ് കന്പനിയുടെ മുന്നേറ്റത്തിന് ആക്കംകൂട്ടിയത്. കന്പനിയുടെ ക്ലൗഡ് സേവനങ്ങൾക്കും എഐ സേവനങ്ങൾക്കുമുള്ള ആവശ്യകത കന്പനി സിഇഒ സത്യ നാദെല എടുത്തുപറഞ്ഞു.
ഈ വർഷം മുഴുവൻ മൈക്രോസോഫ്റ്റ് ഓഹരികൾ ആപ്പിളിനേക്കാൾ മികച്ച പ്രകടനം നടത്തി. ഇതിന്റെ എഐ, ക്ലൗഡ് തന്ത്രത്തിൽ നിക്ഷേപകരുടെ വർധിച്ചുവരുന്ന ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നു.
മൈക്രോസോഫ്റ്റിന്റെ ഓഹരി വില്പനയിൽ ഇത്ര വലിയ കുതിച്ചുചാട്ടം അവസാനമായി കണ്ടത് 2015 ഒക്ടോബറിലാണ്. അന്ന് അവരുടെ ആദ്യകാല അസുർ ക്ലൗഡ് ബിസിനസിൽനിന്നുള്ള വരുമാനം ഇരട്ടിയിലധികമായി. ഇൻവെസ്റ്റോപീഡിയയുടെ കണക്കനുസരിച്ച് ഓഹരികൾ 10 ശതമാനം ഉയരാൻ കാരണമായി.
ഐഫോണുകളിലുണ്ടായ ശക്തമായ വിൽപ്പന കാരണം ആദ്യപാദത്തിൽ ആപ്പിളിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ കന്പനിയെ മാരകമായി ബാധിച്ചു.