മാന്പഴം കയറ്റുമതിയിലും അംബാനി മുന്നിൽ
Thursday, May 1, 2025 12:34 AM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസന്പന്നരുടെ പട്ടികയിൽ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാന്പള ക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ മാന്പഴം കയറ്റുമതി ചെയ്യുന്നത്.
പെട്രോളിയം, ടെലികമ്യൂണിക്കേഷൻ, റീട്ടെയ്ൽ ബിസിനസ് തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കിയ അംബാനി ‘പഴങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന മാന്പഴത്തിന്റെ കയറ്റുമതിയിലും മുന്നിലെത്തി കാർഷികമേഖലയിൽ വലിയ ചലനമാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ ജാംനഗറിലെ വിശാലമായ 600 ഏക്കറോളം വരുന്ന മാന്പഴത്തോട്ടം. ഏകദേശം 600 ടണ്‍ പ്രീമിയം മാന്പഴമാണ് ഓരോ വർഷവും ഇവിടുന്ന് വിളയിച്ച് കയറ്റുമതി ചെയ്യുന്നത്.
ജാംനഗറിലെ എണ്ണശുദ്ധീകരണശാല കാരണം കർശനമായ പാരിസ്ഥിതിക നിയമങ്ങൾ നിലവിൽ വന്ന 1997ലാണ് റിലയൻസ് മാന്പഴക്കൃഷി തുടങ്ങിയത്. മലിനീകരണ നിയന്ത്രണ ബോർഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി, തരിശുഭൂമിയെ മാന്പഴത്തോട്ടമാക്കി മാറ്റുന്നതിനുള്ള ഒരു പദ്ധതി കന്പനി ആരംഭിച്ചു.
ഇത് ധീരുഭായ് അംബാനി ലഖിബാഗ് അമ്രായ് ഫാമിന്റെ സൃഷ്ടിക്ക് കാരണമായി. തരിശായിക്കിടന്ന 600 ഏക്കർ ഭൂമിയിൽ മാന്പഴം കൃഷി ചെയ്യാൻ തുടങ്ങി. നിയമങ്ങൾ പാലിക്കാനുള്ള ഒരു മാർഗമായി ആരംഭിച്ചത് ശ്രദ്ധേയമായ കാർഷികവിജയമായി മാറുകയായിരുന്നു.
ഇപ്പോൾ 1.3 ലക്ഷത്തിലധികം മരങ്ങൾ നിറഞ്ഞ ഈ തോട്ടത്തിൽ പരന്പരാഗതവും ആധുനികവുമായ കൃഷി രീതികൾ സംയോജിപ്പിച്ച് 200-ലധികം തരം മാവുകൾ വളരുന്നു. ഇന്ത്യയുടെ കാർഷിക വേരുകളെ ആദരിക്കുന്ന ഈ തോട്ടത്തിന് പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബർ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ലഖിബാഗ് തോട്ടത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്.
വരണ്ട കാലാവസ്ഥയും ഉപ്പുരസമുള്ള മണ്ണും നേരിടാൻ റിലയൻസ് നൂതന കൃഷി രീതികൾ അവതരിപ്പിച്ചു. ഭൂഗർഭജലം ശുദ്ധീകരിക്കുന്ന ഒരു ഡീസലൈനേഷൻ പ്ലാന്റിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി റിലയൻസ് പ്രതികരിച്ചു. അതേസമയം, ഡ്രിപ്പ് ഇറിഗേഷനും മഴവെള്ള സംഭരണ സംവിധാനങ്ങളും സുസ്ഥിരമായ കൃഷിയും ഉയർന്ന വിളവും ഉറപ്പു നല്കി.
അൽഫോൻസോ, കേസർ, സിന്ധു, അമ്രപാലി തുടങ്ങിയ ജനപ്രിയ ഇന്ത്യൻ മാന്പഴ ഇനങ്ങളും ഫ്ളോറിഡയിൽനിന്നുള്ള ടോമി ആറ്റ്കിൻസ്, കെന്റ് തുടങ്ങിയ അന്താരാഷ്ട്ര ഇനങ്ങളും ഇസ്രയേലിൽനിന്നുള്ള കീറ്റ്, ലില്ലി, മായ എന്നിവയും ഈ തോട്ടത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു.
ഏകദേശം 600 ടണ്‍ പ്രീമിയം മാന്പഴങ്ങളുടെ വാർഷിക ഉൽപ്പാദനത്തോടെ, റിലയൻസ് ഇപ്പോൾ ഏഷ്യയിലെ മുൻനിര മാന്പഴ കയറ്റുമതിക്കാരാണ്, പ്രാദേശിക, അന്തർദേശീയ വിപണികളിൽ വിതരണം ചെയ്യുന്നു.