വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് കൊച്ചിയില്‍
Thursday, May 1, 2025 12:34 AM IST
കൊച്ചി: പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കും. വെഡ്ഡിംഗ് ആന്‍ഡ് മൈസ് ടൂറിസം രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡ്ഡിംഗ് മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 14ന് വൈകുന്നേരം അഞ്ചിന് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനസമ്മേളനം നടക്കും. 15, 16 തീയതികളില്‍ കൊച്ചിയിലെ ലെ മെറിഡിയനിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള വാണിജ്യ കൂടിക്കാഴ്ചകള്ക്കുപുറമെ ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.
വെഡ്ഡിംഗ് ആന്‍ഡ് മൈസ് ടൂറിസം രംഗത്ത് രാജ്യത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് കെടിഎം 2024 ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ചര്‍ച്ചകളുടെ ഫലമായാണു ഈ മേഖലയിലെ അന്താരാഷ്ട്ര സമ്മേളനം കേരളത്തില്‍ നടത്താന്‍ ധാരണയായതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
കൊച്ചി, മൂന്നാര്‍, കുമരകം, കൊല്ലം, കോവളം, തൃശൂര്‍, കോഴിക്കോട്, വയനാട്, ബേക്കല്‍ എന്നീ സ്ഥലങ്ങളിലെ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ മൈസ് സമ്മേളനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. ബീച്ചുകള്‍, കായലുകള്‍, മലനിരകള്‍ എന്നിവ കോര്‍ത്തിണക്കി വിവാഹ ടൂറിസം സംഘടിപ്പിക്കുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.