കർണാടകയിൽ റഷ്യൻ യുവതിയെയും മക്കളെയും ഗുഹയിൽ കണ്ടെത്തി
Sunday, July 13, 2025 2:46 AM IST
ബംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഗോകർണയിൽ വനത്തിനുള്ളിലെ ഗുഹയിൽ റഷ്യൻ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി.
വിനോദസഞ്ചാരികളുടെ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ഒന്പതിന് വൈകുന്നേരം ഗോകർണയിലെ രാമതീർത്ഥ കുന്നിൻമുകളിൽ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് റഷ്യൻ സ്വദേശിനി നീന കുട്ടിന (40), മക്കളായ പ്രേമ (ആറ്), അമ (നാല്) എന്നിവരെ തീർത്തും അപകടകരമായ സാഹചര്യത്തിൽ ഗുഹയ്ക്കുള്ളിൽ കണ്ടെത്തിയത്.
വനത്തിലൂടെ നടക്കുന്നതിനിടെ ഗുഹയ്ക്കുള്ളിൽനിന്ന് ആളനക്കം ശ്രദ്ധയിൽപ്പെട്ടതോടെയാണു പരിശോധന നടത്തിയത്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുഹയിലായിരുന്നു യുവതിയും മക്കളും രണ്ടാഴ്ചയായി കഴിഞ്ഞിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ യുവതിയുടെ കൈവശമുള്ള വീസയുടെ കാലവധി കഴിഞ്ഞതാണെന്നും കണ്ടെത്തി.
ആത്മീയ ഏകാന്തത തേടിയാണു ഗോവയിൽനിന്ന് ഗോകർണത്ത് എത്തിയതെന്നും ധ്യാനത്തിലും പ്രാർഥനയിലും ഏർപ്പെടാൻ ആഗ്രഹിക്കുന്നതിനാലാണു കാട്ടിൽ താമസിക്കാൻ തീരുമാനിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. കൂടാതെ നഗരജീവിതത്തിൽനിന്ന് അല്പം ശാന്തത തേടിയാണ് ഇവിടെയെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
ഗുഹ സ്ഥിതിചെയ്യുന്ന രാമതീർത്ഥ കുന്നിൽ 2024 ജൂലൈയിൽ വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു. നിലവിൽ മഴ തുടരുന്നതിനാൽ അപകടഭീഷണി നിലനിൽക്കുന്നുമുണ്ട്. കൂടാതെ രാജവെന്പാല അടക്കമുള്ള വിഷപ്പാമ്പുകളുടെയും അപകടകാരികളായ വന്യജീവികളുടെയും ആവാസകേന്ദ്രവുമാണിവിടം. ഈ അവസ്ഥയിൽ യാതൊരു അപകടവും കൂടാതെ യുവതിയും പിഞ്ചുമക്കളും ഗുഹയ്ക്കുള്ളിൽ കഴിഞ്ഞതിൽ പോലീസും വനപാലകരും ആശ്ചര്യഭരിതരാണ്.
യുവതിക്ക് കൗൺസലിംഗ് നൽകുകയും അപകടങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്തശേഷം പോലീസ് സംഘം കുടുംബത്തെ രക്ഷപ്പെടുത്തി താഴെയെത്തിച്ച് യുവതിയുടെ അഭ്യർഥനപ്രകാരം കുംത താലൂക്കിലെ ബങ്കികോഡ്ല ഗ്രാമത്തിൽ 80 വയസുള്ള സന്യാസിനിയായ യോഗരത്ന സരസ്വതി നടത്തുന്ന ആശ്രമത്തിലേക്കു മാറ്റി.
പാസ്പോർട്ടും വീസയും ഉൾപ്പെടെയുള്ള യാത്രാരേഖകൾ ചോദിച്ചപ്പോൾ കാട്ടിലെ ഗുഹയിൽ എവിടെയോ നഷ്ടപ്പെട്ടിരിക്കാമെന്നായിരുന്നു യുവതിയുടെ മറുപടി. തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ പാസ്പോർട്ടും വീസയും കണ്ടെടുത്തു.
2017 ഏപ്രിൽ 17 വരെ സാധുതയുള്ള ബിസിനസ് വീസയിലാണ് യുവതി ആദ്യം ഇന്ത്യയിൽ പ്രവേശിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. 2018 ഏപ്രിൽ 19 ന് ഗോവയിലെ പനാജിയിലെ എഫ്ആർആർഒ എക്സിറ്റ് പെർമിറ്റ് നൽകി. തുടർന്ന് അവർ നേപ്പാളിലേക്കു പോയി.
2018 സെപ്റ്റംബർ എട്ടിന് വീണ്ടും അനധികൃതമായി ഇന്ത്യയിൽ പ്രവേശിക്കുകയായിരുന്നുവെന്നും കണ്ടെത്തി. വീസാലംഘനം കണക്കിലെടുത്ത് യുവതിയെയും മക്കളെയും വനിതാ-ശിശു വികസന വകുപ്പ് നടത്തുന്ന കാർവാറിലെ വനിതാ കേന്ദ്രത്തിലേക്കു മാറ്റി.
ഇവരെ റഷ്യയിലേക്ക് തിരിച്ചയയ്ക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഉത്തര കന്നഡ പോലീസ് സൂപ്രണ്ട് ബംഗളൂരുവിലെ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. തുടർനടപടികൾക്കായി കുടുംബത്തെ ഉടൻ തന്നെ ബംഗളൂരുവിലെ എഫ്ആർആർഒ അധികൃതർക്കു മുമ്പാകെ ഹാജരാക്കും.