തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കണം ; സുപ്രധാന നിർദേശവുമായി ഗ്രാമവികസന മന്ത്രാലയം
Tuesday, June 3, 2025 2:05 AM IST
ന്യൂഡൽഹി: അടുത്ത അഞ്ചു വർഷത്തേക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 5 .23 ലക്ഷം കോടി രൂപ അനുവദിക്കാൻ നിർദേശിച്ച് കേന്ദ്ര ഗ്രാമവികസനകാര്യ മന്ത്രാലയം.
2020-21 സാന്പത്തികവർഷം മുതൽ 2024-25 സാന്പത്തികവർഷം വരെ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ചിരുന്നത് 4.68 ലക്ഷം കോടി രൂപയായിരുന്നു. ഇതിനേക്കാളും 12 ശതമാനം വർധനയാണ് ചെലവുകളുടെ അടിസ്ഥാനത്തിൽ മന്ത്രാലയം കേന്ദ്ര ധനകാര്യ സമിതിയോട് ആവശ്യപ്പെട്ടത്.
2024-25 സാന്പത്തികവർഷം തൊഴിലുറപ്പ് പദ്ധതികൾക്കായി കേന്ദ്രസർക്കാർ 85680 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ വിഹിതമായിരുന്നു ഇത്.
2021-22 സാന്പത്തികവർഷം 7.25 കോടി ആളുകളായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെയുള്ള സമയമായതിനാൽ ഏറെ ആളുകൾക്ക് ഇതു ഗുണം ചെയ്തിരുന്നു. എന്നാൽ പിന്നീട് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ക്രമേണ കുറഞ്ഞു.
2022-23 സാന്പത്തികവർഷത്തിൽ 6.18 കോടി ഗുണഭോക്താക്കളുണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 ആയപ്പോഴേക്കും ഗുണഭോക്താക്കളുടെ എണ്ണം 5.99 കോടിയായി കുറഞ്ഞു.
കഴിഞ്ഞ സാന്പത്തികവർഷം 5.79 കോടി ഗുണഭോക്താക്കളാണു പദ്ധതിയിലുണ്ടായിരുന്നത്. ഏറ്റവും കുറവ് കേന്ദ്രവിഹിതം ഉണ്ടായിരുന്നതും കഴിഞ്ഞ സാന്പത്തികവർഷമായിരുന്നു.
85680 കോടി രൂപയായിരുന്നു കേന്ദ്രവിഹിതം. പദ്ധതിക്കായി ഏറ്റവും കൂടുതൽ കേന്ദ്രവിഹിതം ഉണ്ടായത് 2022-21 സാന്പത്തികവർഷമാണ് -109810 കോടി രൂപ.