പ്രതിനിധിസംഘങ്ങളുമായി മോദി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും
Wednesday, June 4, 2025 1:49 AM IST
ന്യൂഡൽഹി: തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാൻ വിദേശത്തേക്കു പുറപ്പെട്ട ബഹുകക്ഷി പ്രതിനിധിസംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോർട്ട്.
നിലവിൽ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന പാർലമെന്റ് അംഗങ്ങൾ തിരിച്ചെത്തിയതിനു ശേഷമായിരിക്കും കൂടിക്കാഴ്ച. എല്ലാ പ്രതിനിധിസംഘങ്ങളും തിരിച്ചെത്തിയതിനുശേഷം ഈമാസം ഒന്‍പതിനോ പത്തിനോ കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.
സൗദി അറേബ്യ, കുവൈറ്റ്, ബഹറിൻ, അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചതിനുശേഷം ബിജെപി നേതാവ് ബൈജയന്ത് പാണ്ഡെ നയിച്ച പ്രതിനിധിസംഘം തിരിച്ചെത്തിയിട്ടുണ്ട്. ജെഡിയു നേതാവി സഞ്ജയ് ഝാ നയിക്കുന്ന പ്രതിനിധിസംഘവും ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന പ്രതിനിധി സംഘവും ഇന്നു മടങ്ങിയെത്തും.