ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി: കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി സംബന്ധിച്ച ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. എല്ലാ ഘടകങ്ങളും പരിഗണിച്ചു തീരുമാനമെടുക്കേണ്ടതുണ്ടെന്നും കേന്ദ്രം കൂടിയാലോചന നടത്തുമെന്നും ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിയമസഭാതെരഞ്ഞെടുപ്പിനുശേഷം ജമ്മു കാഷ്മീരിന് സംസ്ഥാനപദവി തിരികെ നൽകണമെന്നും 2023 ഡിസംബറിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സഹൂർ അഹമ്മദ് ഭട്ട്, അഹമ്മദ് മാലിക് തുടങ്ങിയവരാണു സുപ്രീംകോടതിയെ സമീപിച്ചത്. ജമ്മു കാഷ്മീർ നിയമസഭയിലേക്കുള്ള തെരഞ്ഞെുപ്പ് സമാധാനപരമായി നടന്നുവെന്ന് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കഴിഞ്ഞ ആറു വർഷത്തിനിടെ ഇവിടെ കാര്യമായ പുരോഗതിയുണ്ടായി. എന്നിരുന്നാലും, പഹൽഗാം ആക്രമണം ഉൾപ്പെടെ സമീപകാലത്തു ചില സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിനുള്ള അന്തിമ തീരുമാനമെടുക്കുന്നതിന് മുന്പ് എല്ലാ സംഭവങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി മറുപടി നൽകാൻ കേന്ദ്രത്തിനു സമയം നീട്ടി നൽകാൻ സമ്മതിക്കുകയായിരുന്നു.
2019 ഓഗസ്റ്റിലാണ് ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. തുടർന്ന് ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു. ഇതിനെതിരായ കേസിൽ 2023 ഡിസംബർ 11ന് ആർട്ടിക്കിൾ 370 റദ്ദാക്കിയത് സുപ്രീംകോടതി ശരിവച്ചു. എന്നാൽ 2024 സെപ്റ്റംബറോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും തുടർന്ന് എത്രയുംവേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും ഉത്തരവിട്ടിരുന്നു.