കാബൂളിൽ ഇന്ത്യൻ എംബസി സ്ഥാപിക്കും
സ്വന്തം ലേഖകൻ
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സാങ്കേതിക ദൗത്യം എംബസി പദവിയിലേക്ക് ഇന്ത്യ ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
ഡൽഹിയിലെത്തിയ താലിബാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. അഫ്ഗാനിസ്ഥാന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി.
താലിബാൻ ഭരണകൂടത്തെ ഔദ്യോഗിമായി ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമമായി വേണം ഇതിനെ കരുതാൻ. ഖനന സാധ്യതകൾ പഠിക്കുന്നതിന് അഫ്ഗാനിസ്ഥാനിലേയ്ക്ക് ഇന്ത്യൻ കന്പനികളെ ക്ഷണിച്ച താലിബാൻ ഭരണകൂടത്തിന്റെ നിലപാടിനെയും കേന്ദ്രസർക്കാർ സ്വാഗതം ചെയ്തു.
മുന്പ് അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസി പ്രവർത്തിച്ചിരുന്നു. എന്നാൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ഇന്ത്യ- അഫ്ഗാൻ ദൗത്യത്തിന് ടെക്നിക്കൽ മിഷൻ സ്ഥാപിച്ചു. പിന്നീട് ഇതുവരെയും അഫ്ഗാനിൽ ഇന്ത്യൻ എംബസി പ്രവർത്തിച്ചിട്ടില്ല.
എന്നാൽ അടുത്തിടെയുണ്ടായ ഭൂകന്പത്തിൽ ആദ്യ സഹായവുമായി എത്തിയത് ഇന്ത്യയാണ്. ഈ നിലപാടിനെ കൂടിക്കാഴ്ചയിൽ അമീർ ഖാൻ മുത്തഖി പ്രശംസിച്ചു. കൂടാതെ തങ്ങളുടെ ഭൂപ്രദേശം മറ്റുള്ളവർക്കെതിരേ ഉപയോഗിക്കാൻ ഒരു ഗ്രൂപ്പിനെയും അനുവദിക്കില്ലെന്നു മുത്തഖി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വർധിപ്പിക്കുന്നതിന് കൂടിക്കാഴ്ച പ്രധാന ചുവടുവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ അഫ്ഗാനിസ്ഥാന്റെ ഐക്യദാർഢ്യത്തെയും ഇന്ത്യയുടെ നിലപാടിനോടുള്ള പ്രതികരണത്തെയും ജയ്ശങ്കർ അഭിനന്ദിച്ചു. അഫ്ഗാനിസ്ഥാനിലെ ആരോഗ്യമേഖലയുടെ സുരക്ഷയ്ക്കായി കൂടുതൽ സഹകരണത്തിന് ഇന്ത്യ തയറാാണെന്നും പുതിയ ആറു പദ്ധതികൾ പ്രഖ്യാപിക്കുന്നതായും ജയശങ്കർ അറിയിച്ചു. രാജ്യാന്തര അംഗീകാരത്തിനായുള്ള താലിബാൻ ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാസന്ദർശനം.