കഫ് സിറപ്പ് മരണം: വീഴ്ച ചൂണ്ടിക്കാട്ടി 2024ലെ സിഎജി ഓഡിറ്റ് റിപ്പോർട്ട്
സ്വന്തം ലേഖകൻ
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: രാജ്യത്തു കഫ് സിറപ്പ് കഴിച്ച് 20ലധികം കുട്ടികൾ മരിച്ചതു വലിയ വിവാദമായിരിക്കെ ഒരു വർഷം മുന്പുതന്നെ തമിഴ്നാട്ടിലെ മരുന്ന് പരിശോധനകളിൽ വീഴ്ചയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (സിഎജി) റിപ്പോർട്ട് പുറത്ത്. തമിഴ്നാട്ടിലെ പൊതുജനാരോഗ്യവും അടിസ്ഥാനസൗകര്യങ്ങളും മാനേജ്മെന്റും വിശകലനം ചെയ്ത സിഎജിയുടെ 2024 ലെ പെർഫോമൻസ് ഓഡിറ്റ് വിവരങ്ങളാണ് മരുന്നുപരിശോധനകളിൽ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2016-17ൽ 1,00,800 മരുന്നുപരിശോധനകളായിരുന്നു തമിഴ്നാട് നടത്തേണ്ടിയിരുന്നത്. എന്നാൽ ലക്ഷ്യമിട്ട പരിശോധനകളിൽ 34 ശതമാനം വീഴ്ചയുണ്ടായി. 66,331 പരിശോധനകൾ മാത്രമാണു നടന്നതെന്ന് സിഎജി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നു വർഷത്തിനുശേഷം 2020-21ൽ മരുന്നുപരിശോധനകളിൽ ലക്ഷ്യമിട്ടതിനേക്കാൾ 38 ശതമാനം വീഴ്ചയുണ്ടായി. ഇക്കാലയളവിൽ 1,00,800 മരുന്നുപരിശോധനകൾ നടക്കേണ്ടിയിടത്ത് 62,358 പരിശോധനകൾ മാത്രമാണു നടന്നിരിക്കുന്നത്. 2016നും 2021നും ഇടയ്ക്ക് ഏറ്റവും വലിയ പരിശോധനാവീഴ്ചയുണ്ടായിട്ടുള്ളത് 40 ശതമാനത്തോടെ 2019-20ലാണ്.
2016-17 മുതൽ 2020-21 വരെയുള്ള കാലയളവിൽ തമിഴ്നാട്ടിൽ മരുന്നുസാന്പിളുകളുടെ പരിശോധന നടത്തുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സിഎജി പറയുന്നു. ഇക്കാലയളവിൽ ഏകദേശം പകുതിയോടടുത്തു മാത്രമാണ് മരുന്നു സാന്പിളുകളുടെ പരിശോധന ഡ്രഗ് ഇൻസ്പെക്ടർമാർ നടത്തിയിട്ടുള്ളത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള നിർണായക പ്രക്രിയയാണു മരുന്നുപരിശോധനകൾ എന്നിരിക്കെ മുന്നറിയിപ്പുകൾ നൽകിയിട്ടും കൃത്യമായ നടപടിയെടുത്തിട്ടില്ലെന്നാണ് 2024 സിഎജി ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: കഫ് സിറപ്പ് കഴിച്ചു മധ്യപ്രദേശിലും രാജസ്ഥാനിലും 20ലേറെ കുട്ടികൾ മരിച്ചതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി.
വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണങ്ങളും എഫ്ഐആറുകളും സിബിഐ അന്വേഷണത്തിനുകീഴിൽ കൊണ്ടുവരണമെന്ന് അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നെങ്കിലും അന്വേഷണം നടത്താൻ സർക്കാരുകൾ പ്രാപ്തരാണെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം പൊതുതാത്പര്യഹർജി നൽകുന്നത് ഹർജിക്കാരന്റെ ശീലമാണെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.