ഭിന്നശേഷി അധ്യാപക സംവരണം: തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിലെ തർക്കത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയ്ഡഡ് സ്കൂളിലെ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ചില നിയമപ്രശ്ങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിൽ വിദ്യാഭ്യാസവകുപ്പ് ചില പ്രയാസങ്ങൾ നേരിട്ടു. എന്നാൽ അഡ്വക്കറ്റ് ജനറൽ ഉൾപ്പെട്ട നിയമവിദഗ്ധരെ ഉൾപ്പെടുത്തി ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിലെ തർക്കത്തിന് പരിഹാരമുണ്ടാകുമെന്നും ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
എൻഎസ്എസ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിൽ ഒഴികെ നടത്തിയ അധ്യാപക നിയമനത്തിന് അംഗീകാരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് മറ്റു മാനേജ്മെന്റ് സ്കൂളുകൾക്കും ബാധകമാക്കണമെന്ന ആവശ്യം സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതാണ് തർക്കത്തിനു പ്രധാന കാരണം. എൻ എസ്എസ് മാനേജ്മെന്റുകൾക്കു ലഭിച്ച ഉത്തരവ് തങ്ങളുടെ സ്കൂളുകളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെന്റ് കണ്സോർഷ്യം ഹൈക്കോടതിയെ നേരത്തേ സമീപിച്ചിരുന്നു.
നാലു മാസത്തിനുള്ളിൽ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു. എന്നാൽ നാലുമാസം കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ മാനേജ്മെന്റുകളുടെ ആവശ്യം തള്ളി സംസ്ഥാനസർക്കാർ ഉത്തരവിറക്കിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. നിരവധി അധ്യാപകരുടെ സ്ഥിരനിയമനം സംബന്ധിച്ച വിഷയം അനിശ്ചിതത്വത്തിലായി. ഇക്കാര്യത്തിലാണ് വിദഗ്ധ നിയമോപദേശം തേടി വിഷയത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.