കേന്ദ്ര ധനമന്ത്രിയുമായി കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി
Friday, October 11, 2024 1:33 AM IST
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.
കേരളത്തിനുശേഷം പ്രകൃതിദുരന്തമുണ്ടായ പല സംസ്ഥാനങ്ങൾക്കും കേന്ദ്രസഹായം ലഭ്യമായിട്ടും കേരളത്തിന് ഇപ്പോഴും സഹായം ലഭിച്ചിട്ടില്ലെന്നത് കെ.വി. തോമസ് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും മാനദണ്ഡങ്ങളിൽ ചില വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ് ഈ കാലതാമസമെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കി. ജിഎസ്ടിയുടെ കാര്യത്തിൽ സംസ്ഥാന ധനമന്ത്രിയുമായി പലതവണ സംസാരിച്ചിട്ടുണ്ടെന്നും വേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.