പശ്ചിമബംഗാളിൽ ഖനി സ്ഫോടനം; ആറു മരണം
Tuesday, October 8, 2024 2:47 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. ഇന്നലെ രാവിലെ 10.30ഓടെയാണ് ബിർഭൂം ജില്ലയിലെ ലോക്പുർ മേഖലയിൽ അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പശ്ചിമ ബംഗാൾ പവർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (ഡബ്ല്യുബിപിഡിസിഎൽ) അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. മരിച്ചവരെല്ലാം ഖനി പ്രവർത്തനങ്ങൾക്കായി നിയോഗിച്ച ഏജൻസിയിലെ തൊഴിലാളികളാണ്. കൽക്കരി ഖനനത്തിനായുള്ള ഡിറ്റണേറ്ററുകൾ കൊണ്ടുപോകുന്നതിനിടെയാണു സ്ഫോടനം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം.
അപകടമുണ്ടായ ഖനി ഗംഗാറാംചാക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കന്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്ഫോടനകാരണം കണ്ടെത്താൻ പോലീസ് പരിശോധന തുടങ്ങി. കഴിഞ്ഞ വർഷവും പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ അപകടമുണ്ടായിരുന്നു.