വീഡിയോ കോളിലൂടെ അറസ്റ്റില്ല; കെണിയിൽ വീഴരുതെന്നു കേന്ദ്രം
Tuesday, October 8, 2024 2:47 AM IST
ന്യൂഡൽഹി: രാജ്യത്തെ സൈബർ തട്ടിപ്പുകളിൽ പ്രധാനിയായ ‘ഡിജിറ്റൽ അറസ്റ്റി’നെതിരേ ബോധവത്കരണവുമായി കേന്ദ്രസർക്കാർ. രാജ്യത്തെ അന്വേഷണ ഏജൻസികളൊന്നും വീഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യാറില്ലെന്നു കേന്ദ്രം വ്യക്തമാക്കി.
തട്ടിപ്പുകാരുടെ ഇത്തരം കെണികൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ നിർദേശിച്ചു.
അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരാണെന്നു ബോധ്യപ്പെടുത്തി വീഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യുന്ന രീതിയാണ് ഡിജിറ്റൽ അറസ്റ്റ്.
ബാങ്ക് അക്കൗണ്ടുകളിൽ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവർത്തങ്ങൾ നടന്നെന്നു ചൂണ്ടിക്കാട്ടി ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് തട്ടിപ്പിന്റെ രീതി.
പണം നൽകുന്നതുവരെ കാമറ ഓണാക്കിവയ്ക്കാനും ആവശ്യപ്പെടും. രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിലൂടെയുള്ള തട്ടിപ്പുകൾ വർധിച്ചതിനെത്തുടർന്നാണ് മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തിയത്.