ദർശനെതിരേയുള്ള കേസ്: അതിവേഗ കോടതി രൂപവത്കരിച്ചേക്കും
Wednesday, September 11, 2024 1:47 AM IST
ബംഗളൂരു: കന്നട നടൻ ദർശൻ പ്രതിയായ രേണുക സ്വാമി വധക്കേസിൽ അതിവേഗ കോടതി രൂപവത്കരിക്കാനുള്ള സാധ്യത സർക്കാർ തേടുന്നതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. കഴിഞ്ഞ ആഴ്ച ബംഗളൂരു പോലീസ് 3991 പേജുള്ള പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിവേഗ കോടതി സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിവേഗ കോടതി സംബന്ധിച്ച് പോലീസ് നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ബംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. അതിനിടെ, കുറ്റപത്രത്തിൽനിന്നുള്ള വിവരങ്ങൾ പുറത്തുവിടുന്നതിൽനിന്നും മാധ്യമങ്ങളെ വിലക്കി കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നിയന്ത്രണം തുടരും. മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നൽകിയ ഹർജിലാണ് വിധി.
സിംഗിൾ ബെഞ്ച് അധ്യക്ഷനായ ജസ്റ്റീസ് ഹേമന്ത് ചന്ദൻഗൗഡറുടേതാണ് ഉത്തരവ്. ദർശൻ ജൂൺ 22 മുതൽ ജുഡീഷൽ കസ്റ്റഡിയിലാണ്. നിലവിൽ ബല്ലാരി ജയിലിലാണ് നടൻ. നേരത്തേ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു. ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ബല്ലാരിയിലേക്ക് മാറ്റിയത്.