മണിപ്പുരിൽ ജാഗ്രത തുടരുന്നു
Monday, September 9, 2024 2:42 AM IST
ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഇന്നലെ ഗവർണർ എൽ.പി. ആചാര്യയെ സന്ദർശിച്ചു നിവേദനം നൽകി. ഇരുപതോളം എംഎൽഎമാരും സ്പീക്കറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കേന്ദ്രസർക്കാർ മണിപ്പുരിൽ സമാധാനം ഉറപ്പുവരുത്തണമെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ആവശ്യമായ അധികാരം നൽകണമെന്നും മുഖ്യമന്ത്രി നിവേദനത്തിൽ ആവശ്യപ്പെട്ടു. കുക്കി ഗ്രൂപ്പുകൾ ആവശ്യപ്പെട്ട പ്രത്യേക ഭരണസംവിധാനം അനുവദിക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. കുക്കി വംശജരുമായുള്ള ഒത്തുതീർപ്പു വ്യവസ്ഥകൾ പിൻവലിക്കുക, മ്യാൻമർ അതിർത്തിയിൽ ഫെൻസിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി ഗവർണർക്കു കൈമാറി.
ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ബിരേൻസിംഗ് ഗവർണറെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. ശനിയാഴ്ച രാത്രിയും മുഖ്യമന്ത്രി ഗവർണറെ കണ്ടിരുന്നു.
ശനിയാഴ്ച ജിരിബാം ജില്ലയിൽ നടന്ന കലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതോടെ മണിപ്പുരിൽ സ്ഫോടനാത്മക അന്തീക്ഷമാണ്. ഉറങ്ങുകയായിരുന്ന ഒരാളെ തീവ്രവാദികൾ വെടിവച്ചു കൊന്നതോടെയാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ വെടിവയ്പുണ്ടായി. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്.
പ്രക്ഷുബ്ധാവസ്ഥയാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഇന്നലെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാസേന നിരന്തരം നിരീക്ഷണം നടത്തിവരുന്നു. ഇംഫാൽ താഴ്വരയുടെ അതിർത്തിയിൽ ആസാം റൈഫിൾസ് ആന്റിഡ്രോൺ സംവിധാനം വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിന് സിആർപിഎഫ് ആന്റിഡ്രോൺ സംവിധാനം കൈമാറി. ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബാക്രമണം ചെറുക്കാനാണ് ആന്റിഡ്രോൺ സിംസ്റ്റം. സെപ്റ്റംബർ ഒന്നിന് ഇംഫാൽ വെസ്റ്റ് ജില്ലയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പലതവണ ഡ്രോൺ ആക്രമണമുണ്ടായി.