മണിപ്പുരിൽ മുൻ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബോംബേറ്
Saturday, September 7, 2024 1:54 AM IST
ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുരിൽ മുൻ മുഖ്യമന്ത്രിയുടെ വസതി ലക്ഷ്യമാക്കിയുള്ള ബോംബാക്രമണത്തിൽ എഴുപതുകാരൻ കൊല്ലപ്പെട്ടു. ബിഷ്ണുപുരിലെ മൊയ്രാംഗിൽ മുൻ മുഖ്യമന്ത്രി മയ്രംബം കൊയ്രംഗിന്റെ വസതിക്കു നേരേ വെള്ളിയാഴ്ചയാണ് ആക്രമണം.
പതിമൂന്നുകാരിയുൾപ്പെടെ ആറുപേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. ഒന്പത് അടിയോളം നീളമുള്ള മോർട്ടാർ ഉപയോഗിച്ചു നടന്ന ആക്രമണമായതിനാൽ സംഭവത്തിനു പിന്നിൽ കുക്കി ഭീകരവാദികളാണെന്ന നിഗമനത്തിലാണു സുരക്ഷാസേന. മുഖ്യമന്ത്രിയുടെ വസതയിൽ പ്രാർഥനാചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്തിയിരുന്ന എഴുപതുകാരനാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി ഉൾപ്പെടെ പരിക്കേറ്റവർ സമീപമുണ്ടായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ട്രോംഗ്ലോബിയിലെ ജനവാസമേഖലയിലേക്ക് ഡ്രോൺ ഉപയോഗിച്ചുള്ള റോക്കറ്റ് ആക്രമണവും ഉണ്ടായി. മേഖലയിലെ നിരവധി വീടുകൾക്കു കേടുപാട് പറ്റിയതായി രക്ഷപ്പെട്ടവർ പറഞ്ഞു. ചുരാചന്ദ്പുരിൽനിന്നാണ് ആക്രമണം നടന്നത്.
സൈനികർ ഉപയോഗിക്കുന്നതരം ശക്തമായ ഡ്രോണുകളായിരുന്നു പറന്നത്. ഡ്രോണുകളും റോക്കറ്റ് ലോഞ്ചറുകളും സ്നിപ്പറുകളും ഉൾപ്പെടെ കലാപകാരികൾ ഉപയോഗിച്ചുതുടങ്ങിയതോടെ ഏതാനുംദിവസങ്ങളായി മേഖലയിൽനിന്ന് ആളുകൾ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്.
ഇംഫാൽ വെസ്റ്റിൽ കഴിഞ്ഞദിവസം ഡ്രോൺ ഉപയോഗിച്ചുള്ള ബോംബ് ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. കുക്കി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 11 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ക്യാന്പും ആക്രമണത്തിൽ തകർന്നു.
ബോംബ് സ്ഫോടനം നടന്ന ബിഷ്ണുപുരിലെ മൊയ്രാംഗിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയാണ് നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഐഎൻഎയുടെ ആസ്ഥാനം. നേതാജിയുടെ ആഹ്വാനപ്രകാരം1944 ഏപ്രിൽ 14ന് ലഫ്. കേണൽ ഷൗക്കത്ത് അലി ഇവിടെവച്ച് ഉയർത്തിയതാണ് ഇന്ത്യൻ മണ്ണിലെ ആദ്യ ത്രിവർണപതാക.
ഡ്രോൺ ആക്രമണങ്ങൾ വ്യാപകമാകുന്നതിൽ പ്രതിഷേധിച്ച് ഇംഫാൽ താഴ്വരയിലെ അഞ്ചു ജില്ലകളിൽ ഇന്നലെ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. കലാപത്തെ സർക്കാർ നേരിടുന്നതിന്റെ രീതിയെയും സംഘാടകരായ കോ-ഓർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (സിഒസിഒഎംഐ) വിമർശിച്ചു.
സ്കൂൾ, കോളജ് വിദ്യാർഥികൾ യുണിഫോം അണിഞ്ഞാണ് പ്രതിഷേധത്തിനെത്തിയത്. തൗബാൽ ജില്ലയിലെ തൗബാൽ ബസാർ, ലിലോംഗ് ചാജിംഗ്, ഇംഫാൽ വെസ്റ്റിലെ സികാമി, കവകിതേൽ, സിംഗ്ജാമി തുടങ്ങിയ ഇടങ്ങളിൽ റോഡുകൾ നിറഞ്ഞുകവിഞ്ഞായിരുന്നു പ്രതിഷേധം.