കേജരിവാളിന് ഇടക്കാല ജാമ്യമില്ല
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഇടക്കാല ജാമ്യ ഹർജി സുപ്രീംകോടതി തള്ളി.
ഹർജിയിൽ പ്രതികരണം തേടി സിബിഐക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാലജാമ്യം അനുവദിക്കാൻ വിസമ്മതിച്ചത്.
കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും. നേരത്തേ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും കേജരിവാൾ സമർപ്പിച്ച ഹർജി ഓഗസ്റ്റ് അഞ്ചിന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.