ബ്രോഡ്കാസ്റ്റിംഗ് സർവീസ് ബില്ല്: പുതുക്കിയ കരട് പിൻവലിച്ചു
Wednesday, August 14, 2024 1:50 AM IST
ന്യൂഡൽഹി: വിവാദമായതോടെ ബ്രോഡ് കാസ്റ്റിംഗ് ബില്ലിന്റെ കരട് പിൻവലിച്ച് കേന്ദ്രസർക്കാർ. വിശദമായ കൂടിയാലോചനകൾക്കുശേഷം പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.
സമൂഹമാധ്യമങ്ങളിലടക്കം വാർത്ത വിതരണം നടത്തുന്നവരെ ബില്ലിന്റെ പരിധിയിൽ കൊണ്ടുവരുക എന്നതായിരുന്നു കരടിന്റെ ഉള്ളടക്കം. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയന്നിരുന്നു.
സർക്കാർ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറുന്നുവെന്ന വിമർശനം ഉയർന്നതോടെയാണ് കേന്ദ്രസർക്കാർ നിലപാട് മാറ്റിയത്. അതേസമയം, എന്നാണ് കരട് പുതുക്കി പ്രസിദ്ധീകരിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
1995ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്സ് (റെഗുലേഷൻ) നിയമത്തിനു പകരമായാണ് പുതിയ ബ്രോഡ്കാസ്റ്റിംഗ് ബിൽ കേന്ദ്രസർക്കാർ കഴിഞ്ഞ നവംബറിൽ അവതരിപ്പിച്ചത്. ബില്ലിൽ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉൾപ്പെടുന്നത്.
ഓണ്‍ലൈൻ മാധ്യമങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാൽ ഓണ്‍ലൈൻ ഉള്ളടക്കങ്ങളെ സെൻസർ ചെയ്യുകയാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കാൻ പോകുന്നതെന്ന് കണ്ടന്റ് ക്രിയേറ്റേഴ്സും മാധ്യമപ്രവർത്തകരും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
ടെലിവിഷൻ മാത്രം ഉൾപ്പെട്ടിരുന്ന പഴയ നിയമത്തിൽ ഒടിടി, ഡിജിറ്റൽ മാധ്യമം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പുതിയ നിയമം എന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. എന്നാൽ ബില്ലിൽ ചർച്ചകൾ നടന്നപ്പോൾ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും വാർത്താധിഷ്ഠിതമല്ലാത്ത വീഡിയോ നിർമിക്കുന്നവരെയും ബില്ലിന്റെ പരിധിയിൽപ്പെടുത്താൻ കേന്ദ്ര സർക്കാർ ശിപാർശ ചെയ്യുകയായിരുന്നു. വിശദമായ ചർച്ചകൾക്കു ശേഷമായിരിക്കും പുതിയ കരട് ബില്ല് കേന്ദ്ര സർക്കാർ അവതരിപ്പിക്കുക.