ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ ലോക്സഭയിൽ പ്രസ്താവനയിറക്കി കേന്ദ്രം
Thursday, August 8, 2024 2:27 AM IST
ന്യൂഡൽഹി: പാരീസ് ഒളിന്പിക്സ് ഗുസ്തി ഫൈനലിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടിയിൽ ആഗോള ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്ലിംഗിനെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) പ്രതിഷേധമറിയിച്ചു. കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഒഎ പ്രസിഡന്റ് പി.ടി. ഉഷയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രകായിക മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. വിനേഷ് ഫോഗട്ടിന് എല്ലാവിധ പിന്തുണയും ഉറപ്പാക്കുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പേഴ്സണൽ സ്റ്റാഫടക്കം സാധ്യമായ എല്ലാ സഹായവും കേന്ദ്രം ഫോഗട്ടിന് നൽകിയിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. യുണൈറ്റഡ് വേൾഡ് റസ്ലിംഗിന്റെ നിയമപ്രകാരം മത്സരം നടക്കുന്ന ദിവസം രാവിലെ ഭാരപരിശോധന നടത്തും. ഇന്നലെ നടത്തിയ പരിശോധനയിൽ ഫോഗട്ടിന്റെ ഭാരം 50 കിലോയും 100 ഗ്രാമുമാണെന്നു കണ്ടെത്തി. ഇതിനാലാണ് അയോഗ്യയായി പ്രഖ്യാപിച്ചതെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.
അതേസമയം, വിനേഷിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു. വിനേഷിനെ അയോഗ്യയാക്കിയത് നിർഭാഗ്യകരം എന്നാണു രാഹുൽ വിശേഷിപ്പിച്ചത്. അവർ കൂടുതൽ ശക്തയായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ പറഞ്ഞു. വിനേഷിനെ അയോഗ്യയാക്കാനുള്ള സാങ്കേതിക കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
വിനേഷിന്റെ നേട്ടങ്ങൾ ഇന്ത്യക്കാരെ ആവേശഭരിതരാക്കുന്നു: രാഷ്ട്രപതി
പാരീസ് ഒളിന്പിക്സിൽ വിനേഷ് ഫോഗട്ടിന്റെ അസാധാരണ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനെയും ആവേശഭരിതരാക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. അയോഗ്യതയിൽ നിരാശയുണ്ടെങ്കിലും 140 കോടി ജനങ്ങളുടെ ഹൃദയത്തിൽ വിനേഷ് ചാന്പ്യനാണ്.
ഇന്ത്യൻ സ്ത്രീകളുടെ തളരാത്ത വീര്യം വിനേഷിലുണ്ട്. ഇന്ത്യയിലെ ഭാവി ലോക ചാന്പ്യന്മാരെ പ്രചോദിപ്പിക്കാൻ വിനേഷിന് കഴിഞ്ഞു. എല്ലാ ആശംസകളും നേരുന്നു-രാഷ്ട്രപതി പറഞ്ഞു.
വിനേഷ് ചാന്പ്യൻമാരിൽ ചാന്പ്യൻ: മോദി
വിനേഷ് ഫോഗട്ട് ചാന്പ്യൻമാരിൽ ചാന്പ്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “വിനേഷ് നിങ്ങൾ ചാന്പ്യൻമാരിൽ ചാന്പ്യനാണ്. നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാർക്കും പ്രചോദനവുമാണ്. ശക്തമായി തിരിച്ചുവരണം, വെല്ലുവിളികളെ തലയുയർത്തി നേരിടുന്നവളാണ് നിങ്ങൾ. നിങ്ങൾ പ്രതിരോധത്തിന്റെ പ്രതീകമാണ്’’- പ്രധാനമന്ത്രി പറഞ്ഞു.