ഇന്ത്യ മുന്നണി നേതാക്കളുടെ നിർണായക യോഗം ഈയാഴ്ച
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: മോദി സർക്കാരിനെതിരേയുള്ള ആക്രമണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ ഈയാഴ്ച ഇന്ത്യ മുന്നണി നേതാക്കളുടെ യോഗം. ജൂൺ നാലിനു ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷമുള്ള രണ്ടാമത്തെ യോഗമാണിത്. ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് മുന്നണി നേതാക്കൾ യോഗം ചേർന്നിരുന്നു.
ഇയാഴ്ചത്തെ യോഗത്തിൽ തൃണമൂൽ കോൺഗ്രസും പങ്കെടുത്തേക്കും. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷനേതാക്കളിൽ ഭൂരിഭാഗവും പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിലുണ്ട് എന്നത് അനുകൂല ഘടകമാണ്.
ശിവസേന (യുബിറ്റി) അധ്യക്ഷൻ ഉദ്ദവ് താക്കറെ ചൊവ്വാഴ്ച ഡൽഹിയിലെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദചർച്ചയുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു സംസ്ഥാനങ്ങളിലും ബിജെപിയെ തറപറ്റിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷനേതൃത്വം.