ജാമ്യം ഒരാഴ്ചകൂടി നീട്ടണം; കേജരിവാൾ കോടതിയിൽ
Tuesday, May 28, 2024 1:28 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തനിക്കു ലഭിച്ച ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്കുകൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചു.
ചില വൈദ്യപരിശോധനകൾക്കു വിധേയനാകാൻ ജൂണ് എട്ടുവരെ ജാമ്യം നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായതിനാൽ പിഇടി സിടി സ്കാനിംഗ് അടക്കമുള്ള പരിശോധനകൾക്കു വിധേയനാകണമെന്നും കേജരിവാൾ പറഞ്ഞു.
തന്റെ ശരീരഭാരം ഏഴു കിലോയോളം കുറഞ്ഞുവെന്നും ശരീരത്തിൽ കെറ്റോണിന്റെ അളവ് കൂടുതലാണെന്നും അതിനാൽ വിദഗ്ധ പരിശോധന ആവശ്യമാണെന്നും കേജരിവാൾ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നുണ്ട്.
അതേസമയം, കേജരിവാളിന്റെ ശരീരഭാരം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയതായി ആംആദ്മി നേതാവ് അതിഷി പ്രതികരിച്ചു. ശരീരഭാരത്തിലുണ്ടായ വ്യത്യാസവും കെറ്റോണിന്റെ അളവ് കൂടിയതും വൃക്കരോഗത്തിന്റെയോ അർബുദത്തിന്റെയോ സൂചകമായിരിക്കാമെന്നും അതിനാൽ പിഇടി സിടി സ്കാൻ അടക്കമുള്ള വിദഗ്ധ പരിശോധന ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും അതിഷി പറഞ്ഞു.
കഴിഞ്ഞ മാർച്ച് 21 നാണ് ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ പത്തിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ ജൂൺ ഒന്നുവരെ 21 ദിവസത്തേക്ക് അദ്ദേഹത്തിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ജാമ്യവ്യവസ്ഥപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പ്രവേശിക്കാൻ കേജരിവാളിന് അനുവാദമില്ല. കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്നും സാക്ഷികളുമായി സന്പർക്കം പാടില്ലെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിച്ചതുമുതൽ ആംആദ്മിക്കും ഇന്ത്യാ മുന്നണിക്കുംവേണ്ടി പ്രചാരണരംഗത്ത് നിറസാന്നിധ്യമാണ് കേജരിവാൾ.