കേജരിവാളുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുഖ്യമന്ത്രി
Tuesday, April 16, 2024 2:49 AM IST
ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മാൻ ജയിലിലെത്തി കൂടിക്കാഴ്ച നടത്തി.
കേജരിവാളിനെ കണ്ടതിനുശേഷം താൻ വികാരാധീതനായെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു ഗ്ലാസ് ഭിത്തിക്ക് ഇരുവശത്തുംനിന്ന് അരമണിക്കൂറോളം കേജരിവാളുമായി ഫോണിലൂടെ സംസാരിക്കാനാണ് അനുവദിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
കൊടും കുറ്റവാളികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ പോലും കേജരിവാളിന് ലഭിക്കുന്നില്ലെന്ന് മാൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് കേജരിവാളിനെ മാറ്റി നിർത്താനുള്ള തന്ത്രമാണ് അറസ്റ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേജരിവാളിന്റെ അറസ്റ്റ് നടപടികൾ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു.