ഇന്ത്യൻ ഹൈക്കമ്മീഷണറെ ഖലിസ്ഥാൻ വാദികൾ തടഞ്ഞു
Sunday, October 1, 2023 1:33 AM IST
ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്കോട്ട്ലൻഡ് സന്ദർശനത്തിനിടെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽനിന്ന് ഖലിസ്ഥാൻ വാദികൾ തടഞ്ഞു.
സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ നഗരത്തിൽ ആൽബർട്ട് ഡ്രൈവിലുള്ള ഗുരുഗ്രന്ഥ് സാഹിബ് മാനേജിംഗ് കമ്മിറ്റിയുടെ ക്ഷണമനുസരിച്ച് വെള്ളിയാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഹൈക്കമ്മീഷണർ എത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ കാറിനു സമീപമെത്തിയ മൂന്ന് ഖലിസ്ഥാൻ വാദികൾ അകത്തുനിന്ന് പൂട്ടിയിരുന്ന ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു. സംഘാടകരിൽ ഒരാളെത്തി ബലം പ്രയോഗിച്ചാണ് ഇവരെ സ്ഥലത്തുനിന്നു നീക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാകട്ടേയെന്നു കരുതി ഹൈക്കമ്മീഷണറും ഒപ്പമുണ്ടായിരുന്ന കോൺസൽ ജനറൽ ഓഫ് ഇന്ത്യയും കാറിൽനിന്ന് ഇറങ്ങാതെ മടങ്ങി. ഖലിസ്ഥാൻവാദികൾ ഗുരുദ്വാര മാനേജിംഗ് കമ്മിറ്റിയെ ഭീഷണിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവം ലജ്ജാകരമാണെന്നു വിശേഷിപ്പിച്ച യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രശ്നം ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസിന്റെ (എഫ്സിഡിഒ) ശ്രദ്ധയിൽപ്പെടുത്തിയതായും അറിയിച്ചു.
മെട്രോപോളിറ്റൻ പോലീസിൽ പരാതിയും നൽകി. അനിഷ്ടസംഭവങ്ങളിൽ ഗുരുദ്വാര കമ്മിറ്റിയും സമുദായനേതാക്കളും ഖേദം പ്രകടിപ്പിച്ചു. കുറ്റക്കാർക്കെരേ കർശന നടപടിവേണമെന്ന് അവർ ആവശ്യപ്പെട്ടു.