വീരപ്പന് വേട്ടയുടെ പേരില്‍ 1992ലെ നരനായാട്ട്; ഉദ്യോഗസ്ഥരുടെ തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു
Saturday, September 30, 2023 1:28 AM IST
ചെന്നൈ: വീരപ്പന് വേട്ടയുടെ പേരില്‍ തമിഴ്നാട്ടിലെ ധർമപുരി ജില്ലയിൽപ്പെട്ട ആദിവാസി ഗ്രാമമായ വച്ചാത്തിയില്‍ ക്രൂരമായ നരനായാട്ടു നടത്തിയ കേസില്‍ 215 ഫോറസ്റ്റ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു.
തടവുശിക്ഷ വിധിച്ച ധര്‍മപുരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരേ ഉദ്യോഗസ്ഥര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വേല്‍മുരുകന്റെ വിധി. കേസുമായി ബന്ധപ്പെട്ടു ധർമപുരി ജില്ലയിലെ സിതെരി മലമുകളിലുള്ള വച്ചാത്തി ഗ്രാമം കഴിഞ്ഞ മാർച്ചിൽ ജസ്റ്റീസ് വേൽമുരുകൻ സന്ദർശിച്ചിരുന്നു.
സിബിഐ അന്വേഷണം
നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് 1995ൽ അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. 1996ല്‍ കേസില്‍ 269 ഉദ്യോഗസ്ഥര്ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എം.ഹരികൃഷ്ണൻ, ഫോറസ്റ്റ് കൺസർവേറ്റർമാരായ പി. മുത്തയ്യൻ, എൽ.നാതൻ, ജില്ലാ ഫോറസ്റ്റ് ഓഫീസർ എസ്. ബാലാജി എന്നിവരുൾപ്പെടെയുള്ള 126 ഫോറസ്റ്റ് ഉദ്യോഗസ്ഥരും 84 പോലീസുകാരും അഞ്ച് റവന്യൂ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് 2011 സെപ്റ്റംബർ 29ന് സെഷന്‍സ് കോടതി കണ്ടെത്തി. ഇവരില്‍ 54 പേര് വിചാരണക്കാലയളവില്‍ മരിച്ചതിനാല്‍ 215 പേരാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
പത്തുവർഷംവരെ തടവുശിക്ഷ
ഒന്നുമുതൽ പത്തു വര്‍ഷം വരെയുള്ള തടവുശിക്ഷയാണ് ഇവര്‍ക്കു വിചാരണക്കോടതി ജഡ്ജി എസ്.കുമരഗുരു വിധിച്ചത്. ഇതു ശരിവച്ച ഹൈക്കോടതി അതിക്രമത്തിന് ഇരയായവര്‍ക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഈ തുകയിൽ പകുതി ബലാത്സംഗത്തിനു ശിക്ഷിക്കപ്പെട്ടവരില്‍നിന്ന് ഈടാക്കണമെന്നും ഉത്തരവിട്ടു.
ഇരകള്‍ക്ക് ഉചിതമായ സര്‍ക്കാര്‍ ജോലി നല്‍കണമെന്നു നിര്‍ദേശിച്ച ഹൈക്കോടതി, അന്നത്തെ ജില്ലാ കളക്ടര്‍ക്കും വനം വകുപ്പ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരേ കടുത്ത നടപടി സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വച്ചാത്തി ഗ്രാമത്തിൽ നടന്ന സംഭവമായതിനാൽ വച്ചാത്തി കേസ് എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്.
18 യുവതികൾ കൂട്ടമാനഭംഗത്തിനിരയായി
വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പേരിൽ 1992 ജൂൺ 20ന് ആദിവാസി ഗ്രാമത്തിലെത്തിയ 155 വനംവകുപ്പ് ഉദ്യോഗസ്ഥർ, 108 പോലീസുകാർ, ആറ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം ക്രൂരമായ അതിക്രമം നടത്തുകയായിരുന്നു.
18 യുവതികള്‍ കൂട്ടമാനഭംഗത്തിനിരയായി. നൂറിലേറെ പുരുഷന്മാരെ ക്രൂരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥസംഘം ഗ്രാമം മുഴുവന്‍ കൊള്ളയടിച്ചു. കന്നുകാലികളെ കൊന്ന് കിണറുകളിൽ തള്ളുകയും ചെയ്തു. ഗ്രാമവാസികൾ വീരപ്പനും സംഘത്തിനും രഹസ്യസഹായം നൽകുന്നുവെന്നും അഭയം നൽകുന്നുവെന്നും ആരോപിച്ചായിരുന്നു അതിക്രമം.