ഏഷ്യൻ ഗെയിംസ് : അരുണാചൽ താരങ്ങൾക്ക് ചൈന വീസ നിഷേധിച്ചു
സ്വന്തം ലേഖകൻ
Saturday, September 23, 2023 2:03 AM IST
ന്യൂഡൽഹി: ഹാംഗ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അരുണാചൽ പ്രദേശിൽനിന്നുള്ള താരങ്ങൾക്ക് അനുമതി നിഷേധിച്ച് ചൈന.
മൂന്ന് വുഷു താരങ്ങൾക്കാണ് വീസ നിഷേധിച്ചത്. ഇതോടെ താരങ്ങൾക്ക് ഗെയിംസിൽനിന്ന് നിർബന്ധിതമായി പിന്മാറേണ്ടി വന്നു. ചൈനയുടെ നിലപാടിൽ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. പ്രതിഷേധമെന്നോണം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ചൈനാ സന്ദർശനം റദ്ദാക്കുകയും ചെയ്തു. ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്നാണ് ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ്. ഒക്ടോബർ എട്ടിന് സമാപിക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ ചൈനയിലെ ചെംഗ്ദുവിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽനിന്ന് ഇന്ത്യ വുഷു ടീമിനെ പിൻവലിച്ചിരുന്നു. അരുണാചൽ പ്രദേശിൽനിന്നുള്ള മൂന്നു താരങ്ങൾക്ക് സ്റ്റാന്പ് ചെയ്ത വീസയ്ക്കു പകരം സ്റ്റേപ്പിൾഡ് വീസ ചൈന അനുവദിച്ചതിനെത്തുടർന്നായിരുന്നു ഇത്. അഞ്ച് അത്ലറ്റുകളും ഒരു പരിശീലകനും രണ്ട് സപ്പോർട്ട് സ്റ്റാഫുമടങ്ങിയ ടീമിനെയായിരുന്നു പിൻവലിച്ചത്.
അരുണാചൽ പ്രദേശിനെ തങ്ങളുടെ ഭൂപ്രദേശമാക്കി അടുത്തിടെ ചൈന പ്രസിദ്ധീകരിച്ച ഭൂപടം വിവാദമായിരുന്നു. അരുണാചലിലും ലഡാക്കിലും ചൈനയുടെ കടന്നുകയറ്റത്തിനെതിരേ നിലപാട് ശക്തമാക്കിയതിനു പിന്നാലെ ജി20 ഉച്ചകോടിയിൽനിന്ന് പ്രസിഡന്റ് ഷീ ജിൻപിംഗ് പിൻവാങ്ങിയിരുന്നു.