മണിപ്പുരിൽ വീണ്ടും ജാഗ്രത
Saturday, September 23, 2023 2:03 AM IST
ഇംഫാൽ: മണിപ്പുരിൽ ക്രമസമാധാനനില വീണ്ടും മോശമാകുന്നതായി ആശങ്ക. നാലുദിവസമായി സംസ്ഥാനമെന്പാടും തുടരുന്ന പ്രക്ഷോഭം കണക്കിലെടുത്ത് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ കർഫ്യുവിൽ ഇളവു നൽകേണ്ടെന്നു സർക്കാർ തീരുമാനിച്ചു. ഗ്രാമത്തിന് കാവൽ നിന്നവരെന്ന് ഒരു വിഭാഗം പറയുന്ന അഞ്ചുപേരുടെ അറസ്റ്റിനെത്തുടർന്നാണ് സ്ഥിതിഗതികൾ വഷളായത്.
അറസ്റ്റിലായ അഞ്ചുപേർക്കും കടുത്ത ഉപാധികളോടെ ഇംഫാലിലെ പ്രത്യേക എൻഐഎ കോടതി ഇന്നലെ ജാമ്യം നൽകിയിരുന്നു. പോലീസിന്റെ ആയുധപ്പുരയിൽനിന്നു മോഷ്ടിച്ച തോക്കുകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, അഞ്ചുപേരെയും മോചിപ്പിക്കാൻ 48 മണിക്കൂർ ബന്ദ് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയത്.