ചൈനീസ് കേബിളുകൾ വാങ്ങിയതിൽ ക്രമക്കേടെന്ന് രാജീവ് ചന്ദ്രശേഖർ
Saturday, June 10, 2023 12:13 AM IST
ന്യൂഡൽഹി: കേരളത്തിലെ കെ-ഫോണ് പദ്ധതിക്കായി ചൈനയിൽ നിർമിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
ഇന്ത്യയിൽ നിരവധി കന്പനികൾ കേബിൾ ഉത്പാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽനിന്നു വാങ്ങിയതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കണം. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേബിളിന്റ ആകെ വിലയുടെ 70 ശതമാനത്തോളം വരുന്ന ഉത്പന്നം ചൈനയിൽനിന്ന് ഇറക്കിയതിനാൽ ഇത് ഇന്ത്യൻ നിർമിത ഉത്പന്നത്തിന്റെ പരിധിയിൽ വരില്ല. മാത്രമല്ല ഈ കേബിളിന് ഗുണനിലവാരമില്ലെന്ന് പദ്ധതി പങ്കാളിയായ കെഎസ്ഇബി 2019 ൽത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രണ്ട് ഇന്ത്യൻ കന്പനികൾ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ നിർമിക്കുന്നുണ്ട്. ഇവരിൽനിന്ന് വാങ്ങിയില്ലെന്നു മാത്രമല്ല 220 കെവി ലൈനിന് കെഎസ്ഇബി വാങ്ങുന്ന കേബിളിന്റെ ആറു മടങ്ങ് അധിക വിലയാണ് എൽഎസ് കേബിൾസ് ഈടാക്കിയിട്ടുള്ളതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതായും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.