കൊഹിമയിലെ നാഗാ ക്ലബ്ബ് കെട്ടിടം തകർത്തു
Sunday, May 28, 2023 3:00 AM IST
കൊഹിമ: കൊഹിമയിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന നാഗാ ക്ലബ് കെട്ടിടം ശനിയാഴ്ച പുലർച്ചെ അജ്ഞാതസംഘം ആക്രമിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥിസംഘടനകളുടെ ഉന്നതസമിതിയായ നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എൻഎസ്എഫ്), ഓൾ നാഗാലൻഡ് കോളജ് സ്റ്റുഡന്റ്സ് യൂണിയൻ, കൊഹിമ പ്രസ് ക്ലബ് എന്നിവയ്ക്കുപുറമെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.
ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ആക്രമണമെന്നും കെട്ടിടം തകർക്കുന്നതിന് മണ്ണുമാന്തി യന്ത്രംവരെ ഉപയോഗിച്ചതായാണ് സംശയമെന്നും കൊഹിമ പോലീസ് എസ്.പി. റിലോ ടി. ആയ് അറിയിച്ചു. നാലംഗ പ്രത്യേകസംഘം അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാഗാ ചരിത്രം ഉൾപ്പെടെ ഒട്ടേറെ വിലപ്പെട്ട രേഖകൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നു. ഇന്ന് വൈകുന്നേരം ആറുമണിക്കുള്ളിൽ കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് എൻഎസ്എഫ് മുന്നറിയിപ്പ് നൽകി.